കൊച്ചി ∙ വിപിആർ എന്ന വെട്ടത്തു പുത്തൻ വീട്ടിൽ രാമചന്ദ്രൻ ആത്മകഥ എഴുതിയിട്ടില്ല. എന്തു കൊണ്ടാണ് ആത്മകഥ എഴുതാതിരുന്നതെന്ന ചോദ്യത്തിനു വിപിആർ പറഞ്ഞ മറുപടി, ‘ആത്മകഥയിൽ പച്ചയായി പലതും പറയേണ്ടിവരും. അതു പലരെയും വിഷമിപ്പിച്ചെന്നും വരും’. പറഞ്ഞ കഥകളെക്കാൾ വിപിആർ പറയാതെ പോയ കഥകളായിരുന്നു ഏറെയും. ഡൽഹിയിൽ ഏറ്റവുമധികം അറിയപ്പെടുന്ന മലയാളിയായിരുന്നു വിപിആർ. പ്രധാനമന്ത്രിമാരായിരുന്ന ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുമായി ഉറ്റബന്ധം. ഡൽഹിയിൽ മാത്രമായിരുന്നില്ല രാഷ്ട്രീയ ചങ്ങാതിമാർ. പാക് ഭരണാധികാരികളായ അയൂബ് ഖാൻ, സുൽഫിക്കർ അലി ഭൂട്ടോ എന്നിവരുമായും വ്യക്തിബന്ധം.
ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനെ വരെ ഇന്റർവ്യൂ ചെയ്ത പത്രപ്രവർത്തകൻ. 1962ലെ ഇന്ത്യ– ചൈന യുദ്ധം പട്ടാള യൂണിഫോമണിഞ്ഞാണ് വിപിആർ റിപ്പോർട്ട് ചെയ്തത്. വടക്കു കിഴക്കൻ സൈനിക മേഖലയിൽ താമസിച്ചായിരുന്നു റിപ്പോർട്ടിങ്. അവിടെ വച്ചാണ് ഇന്ദിരാഗാന്ധിയെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹം ഇന്ദിരയുടെ വിശ്വസ്ത സുഹൃത്തായി. മാറ്റി. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് വിപിആർ ഇന്ദിരയുമായി പിണങ്ങി.
അടിയന്തരാവസ്ഥക്കാലത്തു വിവിധ ന്യൂസ് ഏജൻസികൾ ചേർന്നു സർക്കാർ നിയന്ത്രണത്തിൽ സമാചാർ എന്ന ഒറ്റ ന്യൂസ് ഏജൻസിയായി മാറിയിരുന്നു. അടിയന്തരാവസ്ഥയെ വിമർശിച്ചു വാർത്ത എഴുതിയ വിപിആറിനെ വ്യവസായ ലേഖകനാക്കി റാഞ്ചിയിലേക്കു സ്ഥലം മാറ്റി. ഡൽഹിയിലെ വാർത്തയുടെ വിസ്തൃത ലോകത്തു നിന്നുള്ള സ്ഥലംമാറ്റം. പക്ഷേ, റിപ്പോർട്ടറുടെ ജോലി വിപിആറിന്റെ രക്തത്തിൽ അലിഞ്ഞതായിരുന്നു. റാഞ്ചി ഡേറ്റ്‌ലൈനിൽ ഉരുക്ക്, കൽക്കരി മേഖലയെക്കുറിച്ച് അദ്ദേഹം എഴുതിയ വാർത്തകളാണ് ആ നഗരത്തെത്തന്നെ ലോകശ്രദ്ധയിലെത്തിച്ചത്. വികസനോന്മുഖ റിപ്പോർട്ടിങ്ങിന്റെ ആദ്യകാല ഉദാഹരണങ്ങളായിരുന്നു ആ വാർത്തകൾ.
ആർക്കും കിട്ടാത്ത വാർത്തകൾ തേടിപ്പിടിച്ചയാൾ
മറ്റുള്ളവർക്ക് ആർക്കും കിട്ടാത്ത വാർത്തകൾ ലോകത്തിനു മുന്നിൽ എത്തിച്ചതായിരുന്നു വി.പി. രാമചന്ദ്രനെന്ന പത്രപ്രവർത്തകന്റെ മികവ്. രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പം മാത്രമല്ല, വാർത്തകൾ കൃത്യമായി പുറത്തെത്തിക്കാനുള്ള വഴികളും അദ്ദേഹം ചികഞ്ഞെടുത്തു. അന്വേഷണാത്മക പത്രപ്രവർത്തനത്തിനൊപ്പം കോമൺസെൻസ് കൂടി ചേർത്തുവയ്ക്കാൻ വിപിആർ മടിച്ചിരുന്നില്ല.
1957ൽ ലാഹോറിൽ പിടിഐ ലേഖകനായി ജോലി ചെയ്യുമ്പോൾ റേഡിയോയിൽ നിന്ന് അവ്യക്തമായി കേട്ട ചില വാചകങ്ങളിൽ നിന്നാണ് അദ്ദേഹം ലോക മുഴുവൻ ശ്രദ്ധിച്ച ഒരു വാർത്തയെഴുതിയത്: ‘ഇന്ത്യൻ വിമാനം പാക്കിസ്ഥാൻ വെടിവച്ചിട്ടു’. പിടിഐയിലൂടെ ആ വാർത്ത ലോകം മുഴുവൻ അറിഞ്ഞു. പിറ്റേന്നു പാർലമെന്റിൽ മന്ത്രി വി.കെ. കൃഷ്ണമേനോൻ പറഞ്ഞു: ‘ഇന്ത്യൻ വിമാനം പാക്കിസ്ഥാൻ വെടിവച്ചിട്ടുവെന്നു പിടിഐ പറയുന്നു. കൂടുതലൊന്നും അറിയില്ല’. പിന്നീടാണു കാര്യങ്ങൾ പുറത്തറിഞ്ഞത്. പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ ചില പ്രദേശങ്ങളുടെ ഫോട്ടോ എടുക്കാൻ പറന്ന ഇന്ത്യയുടെ നിരീക്ഷണ വിമാനമാണു പാക്കിസ്ഥാൻ വെടിവച്ചിട്ടത്.
ലഹോർ, ഡൽഹി, റാവൽപിണ്ടി, മോസ്‌കോ– വി.പി. രാമചന്ദ്രൻ വാർത്ത തിരഞ്ഞ നഗരങ്ങൾ ഒട്ടേറെ. വർഷം 1958– അന്ന് റാവൽപിണ്ടിയിലായിരുന്നു വിപിആർ. പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന ഇസ്കന്തർ മിർസയിൽ നിന്നു സൈനിക മേധാവി അയൂബ് ഖാൻ അധികാരം പിടിച്ചെടുത്ത വാർത്ത പുറംലോകത്തേക്കു വിമാനം കയറ്റിവിട്ടതു വിപിആറായിരുന്നു.
രാജ്യത്തിനു പുറത്തേക്കു വാർത്ത പോകുന്നതിനു വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. വാർത്ത ഇന്ത്യയിലേക്ക് അയയ്ക്കാൻ ഒരു വഴിയുമില്ല. എന്നാൽ പാക്കിസ്ഥാനിലെ പത്രങ്ങളിലെല്ലാം ആ വാർത്ത അച്ചടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ‘പാക്കിസ്ഥാൻ ടൈംസി’ന്റെ ഓഫിസിൽ നിന്ന് അർധരാത്രി സംഘടിപ്പിച്ച ഒരു പത്രം വിമാനത്തിലെ പൈലറ്റിന്റെ സഹായത്തോടെ ഡൽഹിയിലെത്തിച്ചു. അങ്ങനെ പാക്കിസ്ഥാനിലെ ജനാധിപത്യത്തിന്റെ മരണം ലോകമറിഞ്ഞു.