ADVERTISEMENT

പിറവം∙ കേസുകളിൽ ഉൾപ്പെട്ട് പൊലീസ് സ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി കിടന്ന വാഹനങ്ങൾ  ലേലം ചെയ്തു വിറ്റുതുടങ്ങി.  ഇരുചക്രവാഹനം അടക്കം സ്റ്റേഷൻ വളപ്പിൽ നിറഞ്ഞതോടെ  സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനം പോലും ബുദ്ധിമുട്ടിലായിരുന്നു.  കോവിഡ് നിയന്ത്രണം മൂലമാണു പഴയ വാഹനങ്ങളുടെ ലേലം വൈകിയത്. കഴിഞ്ഞ ദിവസം പിറവം സ്റ്റേഷനിൽ 26 വാഹനങ്ങൾ ലേലത്തിൽ വിറ്റു.

ചോറ്റാനിക്കര സ്റ്റേഷൻ പരിധിയിൽ നിന്നുള്ള വാഹനങ്ങളും പിറവത്താണു സൂക്ഷിക്കുന്നത്. അടുത്ത ഘട്ടമായി 13 ഇരുചക്രവാഹനവും ഒരു ലോറിയും ലേലം ചെയ്യും. കേസുകളിൽ ഉൾപ്പെട്ടതും ഉടമകൾ ഏറ്റെടുക്കാത്തതുമായ വാഹനങ്ങളാണു ലേലം ചെയ്യുന്നത്. പൊലീസിന്റെ ആവശ്യപ്രകാരം മോട്ടർ വാഹന വകുപ്പ് അധികൃതർ വാഹനത്തിന്റെ പഴക്കവും അവസ്ഥയുമെല്ലാം  പരിശോധിച്ച  ശേഷമാണ് ഓരോ വാഹനത്തിന്റെയും വില നിശ്ചയിച്ചത്. 

ഇതിനു ശേഷം റൂറൽ ഓഫിസിൽ നിന്നു ലേലവിവരം പരസ്യപ്പെടുത്തി. 8 വർഷം വരെ പഴക്കമുള്ള വാഹനങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ലേലത്തിൽ പോയത്. ഇവയെല്ലാം ആക്രി ഇരുമ്പ് ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗപ്പെടുക.അനധികൃത മണ്ണെടുപ്പ്, പാറ ഖനന  കേസുകളിൽ  കിഴക്കൻ മേഖലയിലെ സ്റ്റേഷനുകളിൽ ഒട്ടേറെ വാഹനം പിടികൂടിയിട്ടുണ്ട്. ഇവയിൽ പലതും  ഉടമകൾ ഏറ്റെടുത്തിട്ടില്ല.  

വഴികാട്ടിയത് ഹൈക്കോടതി 

സംസ്ഥാനത്തെ  പൊലീസ് സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ പൊതു ലേലത്തിലൂടെ വിൽക്കാൻ സർക്കാർ തീരുമാനിച്ചത് ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.  കോടിക്കണക്കിനു രൂപ മൂല്യമുള്ള വാഹനങ്ങൾ ആർക്കും ഉപകാരപ്പെടാതെ നശിക്കുന്നതു തടയണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com