മൂവാറ്റുപുഴ∙ താമസമില്ലാതെ സെഞ്ചുറി അടിക്കാൻ ഒരുങ്ങുകയാണ് തക്കാളി വില. കിലോഗ്രാമിനു 15 രൂപയിൽ നിന്ന് 85 രൂപയിലേക്കു വർധിച്ച തക്കാളി വില ഇതേ പോക്കു പോകുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ നൂറിലെത്തും. കഴിഞ്ഞ ഡിസംബറിൽ 100 മുതൽ 125 രൂപ വരെ വില ഉയർന്നിരുന്നെങ്കിലും മാർച്ച് അവസാനത്തോടെ വില 15 ആയി കുറഞ്ഞിരുന്നു.
മേയ് മാസം മുതൽ ആരംഭിച്ച വിലവർധന 85 രൂപയിൽ എത്തി നിൽക്കുകയാണ്. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ തക്കാളി എത്തുന്നത്. വിവിധ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് തക്കാളിയുടെ വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.