മഹാരാജാസിലെ പൂക്കാലം, നൊമ്പരമായ സുഹൃത്ത്, പത്താം ക്ലാസുകാലത്തെ സമരം; സ്ഥാനാർഥികളുടെ കലാലയ ഫ്ലാഷ്ബാക്കിലേക്ക്...

ernakulam-thrikkakkara-election-candidates
SHARE

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പു കളത്തിലും മാധ്യമങ്ങളിലും നിറഞ്ഞ് 3 മുന്നണി സ്ഥാനാർഥികളുമുണ്ട്. ഓർമകളും വിശേഷങ്ങളും പറഞ്ഞും പങ്കുവച്ചും അവർ മണ്ഡലത്തിനു പുറത്തെ വോട്ടർമാർക്കും അടുപ്പക്കാരെപ്പോലായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും പ്രഫഷനുകളിലേക്കും എത്തുന്നതിനു മുൻപുള്ള വിദ്യാർഥി ജീവിതകാലത്തെ ചില ഓർമകളിലൂടെ ഉമ തോമസ്, ഡോ. ജോ ജോസഫ്, എ.എൻ.രാധാകൃഷ്ണൻ എന്നിവരുടെ ഫ്ലാഷ്ബാക്ക്...

ernakulam-uma-notice
മഹാരാജാസ് കോളജിലെ ആദ്യ വനിതാ കൗൺസിലറായി മത്സരിച്ച ഉമയുടെ പ്രചാരണ നോട്ടിസ്.

മഹാരാജാസിലെ പൂക്കാലം

ഉമ തോമസ് (യുഡിഎഫ്)

പി.ടിയും രാഷ്ട്രീയവും ഉമയുടെ ഓർമകളിൽ നിറയുമ്പോൾ സമം ചേർക്കും മഹാരാജാസ് എന്ന കോളജ് ക്യാംപസും. ഒരുപിടിയില്ല, കൊടുമുടിയോളം നിറയുന്ന ഓർമക്കാലം. അതിൽ പാട്ടും കാത്തിരിപ്പിന്റെ സസ്പെൻസുമെല്ലാം ഉണ്ട്. മഹാരാജാസിൽ അന്നത്തെ സജീവ കെഎസ്‌യു പ്രവർത്തകയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് പി.ടി.തോമസും പാട്ടിലൂടെയും പാർട്ടിയിലൂടെയും ജീവിതത്തിൽ ഒന്നായത് ചെറുതല്ലാത്ത ‘സംഘർഷ’ത്തിലൂടെ. ഉമ കോളജിൽ വൈസ് ചെയർപഴ്സനായിരുന്ന കാലം. രാഷ്ട്രീയ പ്രവർത്തന ഭാഗമായി ഇടയ്ക്ക് പി.ടിയുമായി സംസാരിക്കാറുണ്ട്. 

ഒരു ദിവസം പി.ടി, ഉമയെ കാണണമെന്നു പറയുന്നു. സംഘടനാകാര്യം ചർച്ച ചെയ്യാനാകുമെന്നു കരുതി, കൂട്ടുകാരികളുമായാണ് പോയത്. അന്ന് ഒന്നും മിണ്ടിയില്ല. മറ്റൊരു ദിവസം ഫോണിലൂടെയാണ് പി.ടി ഇഷ്ടം പറയുന്നത്. സംഭവം വീട്ടിലറിഞ്ഞതോടെ പ്രശ്നമായി. പിന്നെ സംസാരം കത്തുകളിലൂടെ. നാലുമക്കളിൽ ഇളയ കുട്ടിയായ ഉമ അച്ഛൻ ഹരിഹരന്റെയും അമ്മ തങ്കത്തിന്റെയും ചെല്ലക്കുട്ടിയായിരുന്നു. ഉമയുടെ ഒരു ബന്ധുവിൽ നിന്നാണ്, ഉമയ്ക്കു വേറെ വിവാഹം വീട്ടിൽ ആലോചിക്കുന്ന കാര്യം പി.ടി. അറിയുന്നത്. അപ്പോഴേക്കും ബിരുദം കഴിഞ്ഞ് ഉമ കോളജ് വിട്ടു. എതിർപ്പേറിയെങ്കിലും മറ്റു ചടങ്ങുകളൊഴിവാക്കി താലികെട്ടി വിവാഹം. ഉമയുടെ വീട്ടിലെ എതിർപ്പ് മകൻ വിഷ്ണുവിന്റെ ജനനത്തോടെ അലിഞ്ഞില്ലാതായി. പിന്നെ, ഉമയുടെ വീട്ടിലെ എല്ലാമെല്ലാമായിരുന്നു പി.ടി. 

ernakulam-jo-with-friends
ഡോ. ജോ ജോസഫ് എംബിബിഎസ് പഠനകാലത്ത് സുഹൃത്തുക്കളോടൊപ്പം (താഴെ ഇരിക്കുന്നത്).

ഒാർമയിലെ നൊമ്പരമായി സുഹൃത്ത്

ഡോ . ജോ ജോസഫ് (എൽഡിഎഫ്)

‌കോട്ടയം മെഡിക്കൽ കോളജ് പഠനകാലത്തെ രാഷ്ട്രീയവും യൂണിയൻ തിരഞ്ഞെടുപ്പു ജയവും സമരകാലവുമൊക്കെ ഓർമകളിൽ നിറയുന്നെങ്കിലും മറവിയുടെ ഫോൾഡറിലേക്ക് ഒരിക്കലും മാറ്റാനാകാത്ത ഓർമയുണ്ട് ഡോ. ജോ ജോസഫിന്. കോട്ടയത്തെ എംബിബിഎസ് പഠനശേഷം ഒഡീഷയിലെ കട്ടക് എസ്‌സിബി മെഡിക്കൽ കോളജിലെ എംഡി പഠനകാലം. ഉറ്റ സുഹൃത്ത്, പുനലൂരുകാരൻ ഡോ. അരുൺ എന്തിനും അന്നും കൂടെയുണ്ട്. താമസവും യാത്രയും പഠനവും എല്ലാം ഒന്നിച്ച്.

എന്നാൽ, അന്നു താമസസ്ഥലത്തുനിന്നു മെഡിക്കൽ കോളജിലേക്കുള്ള യാത്ര എല്ലാ ദിവസത്തേയും പോലെ ആയിരുന്നില്ല. പൊലീസ് പിടികൂടി കൊണ്ടുപോയ ഒരു കുറ്റവാളി, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസിനും ജനങ്ങൾക്കും നേരെ വെടിവയ്പു നടത്തി. ആ സംഭവത്തിൽ ഗുരുതര പരുക്കേറ്റ ഡോ. അരുൺ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടിലേക്കുവന്നതു ഡോ. ജോയും മറ്റൊരു സുഹൃത്തും ചേർന്നാണ്. ഡോ. ജോയുടെ ആദ്യ വിമാനയാത്രയാണ്. നെഞ്ചിൽ വേദന നിറച്ചുള്ള ആകാശയാത്ര. ഒഡീഷ സർക്കാർ എടുത്തുകൊടുത്ത വിമാന ടിക്കറ്റുകൾ തിരുവനന്തപുരം വരെയാണ്.

മൃതദേഹം കട്ടക്കിൽനിന്ന് ശാസ്ത്രീയരീതിയിൽ സുരക്ഷിതമാക്കിയിട്ടില്ല. ഐസ് പാക്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം കേടാകരുത്. വിമാനം ചെന്നൈയിൽ വന്നപ്പോൾ തുടർ യാത്രയ്ക്ക് ഏറെ സമയം എടുക്കുമെന്നായി. വേഗം അവിടെനിന്ന് ഒരു ആംബുലൻസ് സംഘടിപ്പിച്ച് സുഹൃത്തിന്റെ മൃതദേഹവുമായി പുനലൂരിലേക്കു പാഞ്ഞു. പഠനകാലങ്ങളിലും അതിനുശേഷവും മരണങ്ങളും വേദനകളും ഏറെ കണ്ടെങ്കിലും പിടിവിടാത്ത ഓർമയായി സുഹൃത്തിന്റെ മരണവും സംഭവങ്ങളും കൂടെയുണ്ടെന്ന് ഡോ. ജോ ജോസഫ്.

ernakulam-radhakrishnan-young-image
പഠനകാലത്തെ എ.എൻ.രാധാകൃഷ്ണൻ.

പത്താം ക്ലാസുകാലത്തെ സമരം

എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ)

പത്രങ്ങളും പ്രസംഗങ്ങളും പൊതു യോഗങ്ങളുമില്ലാത്ത കാലം, അടിയന്തരാവസ്ഥ. അന്നു 15 വയസ്സുള്ള, ചേരാനല്ലൂരുകാരനായ പത്താം ക്ലാസ് വിദ്യാർഥിക്ക് അതിന്റെ വ്യാപ്തി അത്രകണ്ട് മനസ്സിലായില്ലെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ സമരത്തിനിറങ്ങി. അതൊരു താത്വികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലൊന്നുമായിരുന്നില്ലെന്നു രാധാകൃഷ്ണൻ പറയുന്നു.14 അംഗമുള്ള ചെറു സംഘമായി അന്നു ലൂർദ് ആശുപത്രി ഭാഗത്തുനിന്ന് അയ്യപ്പൻകാവ്, പച്ചാളം ഭാഗത്തേക്ക് അടിയന്തരാവസ്ഥ വിരുദ്ധ പ്രകടനം നടത്തി. പൊലീസ് പിടിച്ചു. നോർത്ത് പൊലീസ് സ്റ്റേഷനിൽവച്ച് മർദനവുമേറ്റു.

എന്തിനുവേണ്ടിയായിരുന്നു ആ സമരമെന്നും എന്തായിരുന്നു സമരമെന്നും മനസ്സിലായത് കാലം കുറച്ചു കഴിഞ്ഞാണ്. കുറച്ചു വർഷം മുൻപ് കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗൺസിലിനിടെ പ്രധാനമന്ത്രി, അടിയന്തരാവസ്ഥ വിരുദ്ധ സമരക്കാരെ കാണണമെന്ന് അറിയിച്ചു.   കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സമരത്തിൽ പങ്കെടുത്തവർ അങ്ങനെ ഒത്തുകൂടി. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൽ പ്രായം കുറഞ്ഞയാൾ എന്ന നിലയിലും ആ കൂട്ടായ്മയുടെ സംഘാടകരിൽ പ്രധാനിയെന്ന നിലയിലും ‘ഡബിൾ റോളിൾ’ രാധാകൃഷ്ണൻ അന്ന് ഓർമകൾ പങ്കിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA