സ്നേഹവായ്പുകൾ വോട്ടാക്കാൻ ഉമ, ആൾക്കൂട്ടം ആനന്ദമാക്കി ജോ ജോസഫ്, ഗൃഹ സമ്പർക്കവുമായി രാധാകൃഷ്ണൻ

ernakulam-uma
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് കാക്കനാട് കൊല്ലംകുടിമുകളിൽ പ്രചാരണത്തിനിടെ.
SHARE

സ്നേഹവായ്പുകൾ വോട്ടാക്കാൻ ഉമ

കൊച്ചി ∙ വേളാർ സർവീസ് സൊസൈറ്റി പൊതുയോഗത്തിൽ സ്ഥാനാർഥി ഉമ തോമസ് എത്തുമ്പോൾ മൺപാത്ര നിർമാണ മേഖലയിലെ പ്രശ്നങ്ങൾ സൊസൈറ്റി അംഗങ്ങൾ സ്ഥാനാർഥിക്കു മുന്നിൽ അവതരിപ്പിച്ചു. അവരുടെ പ്രശ്നങ്ങൾക്കു പി.ടി.തോമസ് നൽകിയ ശ്രദ്ധയ്ക്കു നിയമസഭയിൽ എത്തിയാൽ തുടർച്ചയുണ്ടാവുമെന്ന് ഉറപ്പുനൽകിയായിരുന്നു ഉമ തോമസിന്റെ മടക്കം. ഞായറാഴ്ചയിൽ മണ്ഡലത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു വോട്ടർമാരുടെ പിന്തുണ തേടുന്ന പ്രചാരണ രീതിയായിരുന്നു സ്ഥാനാർഥിക്ക്.

ശാന്തിനഗർ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, കൊറ്റങ്കാവ് സെന്റ് .സെബാസ്റ്റ്യൻ ചർച്ച് , പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ച്, ശാലോം മാർത്തോമ്മാ ചർച്ച്, നിലംപതിഞ്ഞമുകൾ യാക്കോബായ ചർച്ച്, തെങ്ങോട് പള്ളി, കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ചിറ്റേത്തുകര സിഎസ്ഐ ചർച്ച് എന്നിവിടങ്ങളിൽ ഉമ തോമസ് വോട്ടർമാരെ കണ്ട് പിന്തുണ അഭ്യർഥിച്ചു. ഉമ തോമസിന്റെ മണ്ഡല പര്യടനം തൃക്കാക്കര നോർത്തിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.

പി.ടി. തോമസിന്റെ നിലപാടുകളോടും വികസന പ്രവർത്തനങ്ങളോടുമുള്ള സ്നേഹവായ്പുകളായിരിക്കും ഉമയ്ക്കു ലഭിക്കുന്ന വോട്ടുകളെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടംപാലത്തു നിന്ന് ആരംഭിച്ച് എൻജിഒ ക്വാർട്ടേഴ്സ്, എ കോളനി, മനയ്ക്കക്കടവ്, അത്താണി, ആലപ്പാട് നഗർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഒലിമുകളിൽ പര്യടനം സമാപിച്ചു. അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രി നാലകത്ത് സൂപ്പി,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് അലക്സ് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.

ernakulam-jo
കാക്കനാട് പടമുകളിലെത്തിയ തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനു നൽകിയ സ്വീകരണം.

ആൾക്കൂട്ടം ആനന്ദമാക്കി ജോ ജോസഫ്

കൊച്ചി ∙ വാഴക്കാല സെന്റ് ജോസഫ്സ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കു ശേഷം ഇടപ്പള്ളി മരോട്ടിച്ചുവടിലെ ആനന്ദഭവൻ ടീ കോർണറിൽ ഡോ. ജോ ജോസഫ് എത്തുമ്പോൾ അവിടെയൊരു ‘ ‘ചായ്പേയ് ’ ചർച്ച. ചർച്ചയിലെ നായകൻ നേരിട്ടു പങ്കാളിയായപ്പോൾ അവർക്ക് ആവേശം. സെൽഫിയെടുത്ത്, വോട്ടുറപ്പിച്ച് അവിടെ നിന്നിറങ്ങി മണ്ഡല പര്യടനത്തിന്റെ തിരക്കിലേക്ക്. മരോട്ടിച്ചുവടിലെ വീടുകളിലും ഓട്ടോ സ്റ്റാൻഡിലുമെല്ലാം സ്ഥാനാർഥിയെ കണ്ടു പിന്തുണ അറിയിക്കാൻ ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.

പൊന്നുരുന്നി സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെത്തി വോട്ട് തേടുമ്പോൾ കെ. ജെ. മാക്സി എംഎൽഎയും ഒപ്പം വന്നു. പനമ്പിളളി നഗർ അംബികാപുരം പളളിയിലെത്തി വോട്ടർമാരെ കണ്ടശേഷം സിനിമാതാരം കുഞ്ചന്റെ വീട്ടിലും സമീപത്തെ വീടുകളിലും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. പേട്ടയിലെ കടകളിലും ഗാലക്സി അപ്പാർട്മെന്റിലും വോട്ടഭ്യർഥിക്കുമ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ കൂടെവന്നു. പടമുകളിൽ സിഐടിയു കുടുംബ സംഗമത്തിൽ സ്ഥാനാർഥിക്കു വരവേൽപ്.

സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷയും കൗൺസിലറുമായിരുന്ന ഗ്രേസി ജോസഫ് എളംകുളത്തെ ബന്ധുവീട്ടിലെത്തി സ്ഥാനാർഥിക്കു പിന്തുണ അറിയിച്ചു. പൊന്നുരുന്നി മായിങ്കരയിലെ വീടുകൾ, അസാസ്സുൽ മുസ്‌ലിം പള്ളി എന്നിവിടങ്ങളിൽ സന്ദർശനത്തിനു ശേഷം വൈറ്റില ജനതയിൽ പുനർനിർമിച്ച കപ്പേളയുടെ ആശീർവാദ കർമത്തിൽ പങ്കെടുത്തു. കെഎംഎം ലോ കോളജിൽ നടന്ന പ്രഫഷനൽസ് മീറ്റിൽ പങ്കെടുത്തു. മന്ത്രി പി. രാജീവ് മീറ്റ് ഉദ്ഘാടനം ചെയ്തു.

ernakulam-radhakrishnan
എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ കലൂരിൽ പ്രചരണത്തിനിടെ.

മഹാ ഗൃഹ സമ്പർക്കവുമായി എ.എൻ.രാധാകൃഷ്ണൻ

കൊച്ചി ∙ തൃക്കാക്കര മണ്ഡലത്തിൽ മഹാ ഗൃഹ സമ്പർക്ക യജ്ഞവുമായി എൻഡിഎ പ്രചാരണം. എൻഡിഎ നേതാക്കളുടെ നേതൃത്വത്തിൽ 500 സ്ക്വാഡുകളാണു ഇന്നലെ വീടുകൾ കയറിയിറങ്ങി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർഥിച്ചത്. ഇതോടെ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് എൻഡിഎ കടക്കുകയാണെന്നു നേതൃത്വം വ്യക്തമാക്കി. പനമ്പിള്ളി നഗർ മേഖലയിലെ പര്യടനത്തോടെയാണ് എ.എൻ. രാധാകൃഷ്ണൻ ഇന്നലെ പ്രചാരണം തുടങ്ങിയത്. കടവന്ത്ര, ചളിക്കവട്ടം, പാലച്ചുവട് പ്രദേശങ്ങളിൽ സ്ഥാനാർഥി നേരിട്ടു വീടുകളിലെത്തി വോട്ടഭ്യർഥിച്ചു. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പാലാരിവട്ടത്തും വൈറ്റിലയിലും പ്രചാരണം നടത്തി.

നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, ബിഡിജെഎസ് ജില്ല ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, ആർഎൽജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹ്ബൂബ്, എൽജെപി സംസ്ഥാന പ്രസിഡന്റ് എം.ടി. രാമചന്ദ്രൻ തുടങ്ങിയ നേതാക്കളും ഇന്നലെ ഗൃഹ സമ്പർക്ക പ്രചാരണത്തിന്റെ ഭാഗമായി.എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, അയ്യനാട് കെ. സോമൻ, എൻ. ഹരി, കെ. രഞ്ജിത്ത്, അശോകൻ കുളനട, എ. നാഗേഷ്, പി. രഘുനാഥ്, പ്രകാശ് ബാബു, സി.ആർ. പ്രഫുൽ കൃഷ്ണൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിനു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA