ADVERTISEMENT

വീട്ടിൽ ഊണ്. നഗരത്തിൽ പലേടത്തും കാണാം ബോർഡുകൾ. ചിലേടത്തു ‘ഹോംലി മീൽസ്’ എന്നാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ ട്രെൻഡാകുന്നു ‘വീട്ടിലെ ഊണ്’. വീടിനു പുറത്തു ബോർഡില്ല എന്നുമാത്രം. തൃക്കാക്കര മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകൻ കഴിഞ്ഞ ദിവസം ഓട്ടത്തോട് ഓട്ടമായിരുന്നു. ആദ്യം ചമ്പക്കര മാർക്കറ്റ്. അവിടെ കിട്ടാതെ വന്നപ്പോൾ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റിലേക്ക്. മീൻ വേണം. വീട്ടിൽ ഊണൊരുക്കാനാണ്. സ്പെഷൽ അതിഥികളാകുമ്പോൾ സ്പെഷൽ ഐറ്റംസ് വേണമെന്നു പൊതുപ്രവർത്തകനായ ഗൃഹനാഥൻ. 

തൃക്കാക്കര മണ്ഡലത്തിൽ നിറയെ സ്പെഷൽ അതിഥികളാണ്. 20 മന്ത്രിമാർ. എൺപതിലേറെ എംഎൽഎമാർ. വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കൾ. ദിവസവും നൂറിലേറെ സ്പെഷൽ വിരുന്നുകാർ. ഓരോരുത്തർക്കുമൊപ്പം രണ്ടോ മൂന്നോ കൂട്ടാളികൾ. സാധാരണ വീടുകളിൽ അവധി ദിനങ്ങളിലോ വാരാന്ത്യത്തിലോ മറ്റു വിശേഷ ദിനങ്ങളിലോ മാത്രമാണു സ്പെഷൽ ഗെസ്റ്റുകൾ എത്തുന്നതെങ്കിൽ തൃക്കാക്കരയിൽ ഇപ്പോൾ എല്ലാ ദിവസവും വിശേഷമാണ്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻപിടിക്കുന്ന നേതാക്കളുടെ കയ്യിൽ ഷെഡ്യൂളുണ്ട്. പ്രധാന നേതാക്കൻമാരും മന്ത്രിമാരും എംപി, എംഎൽഎമാരും എവിടെയൊക്കെ പ്രചാരണത്തിന് ഇറങ്ങുന്നുവെന്നതിന്റെ ഷെഡ്യൂൾ. അതു കയ്യിൽവച്ച് അവർ ആ പ്രദേശത്തെ പ്രവർത്തകരുടെ വീടുകൾ മനസ്സിൽക്കാണും. എന്നിട്ടു വിളിക്കും: ‘‘നാളെ നമ്മുടെ  മന്ത്രി (പേരും പറയും) നിങ്ങളുടെ പരിസരത്തുണ്ടാകും. ഉച്ചയൂണു തയാറാക്കണേ.. മോശമാക്കരുത്. കൂടെ ഒരു മൂന്നുനാലുപേരും കാണും...’’

കേരളത്തിൽ ഏറ്റവുമധികം ബഹുനില പാർപ്പിട സമുച്ചയങ്ങളുള്ള നിയോജക മണ്ഡലമാണു തൃക്കാക്കര. അതിനാൽ പ്രചാരണ മാനേജർമാർ കണ്ണുമടച്ച് ആരെയെങ്കിലും വിളിച്ച് ഏതെങ്കിലുമൊരു നേതാവിന് ഊണു നൽകണം എന്നു ചുമ്മാ പറയുകയല്ല. ഫ്ലാറ്റിൽ ഊണു നൽകേണ്ടതാർക്ക്, വലിയ വീട്ടിലെ വിരുന്ന്  ആർക്ക്, ചെറിയ സെറ്റപ്പിലെ ഭക്ഷണം ആർക്ക് എന്നൊക്കെ കൃത്യമായ ആലോചനയുണ്ട്.  ‘ഓർഡർ’ കിട്ടുന്നതോടെ ഗൃഹനാഥനും ഗൃഹനാഥയുംകൂടി ആലോചിച്ചു പെട്ടെന്നൊരു തീരുമാനമുണ്ടാക്കും. പിന്നെ ഓട്ടം തുടങ്ങുകയായി. മീൻ, ഇറച്ചി, പച്ചക്കറികളിൽത്തന്നെ സ്പെഷൽ വിഭവങ്ങൾ, ഉണക്കച്ചെമ്മീൻ, കക്കയിറച്ചി, ഞണ്ട് എന്നിങ്ങനെ വൈവിധ്യത്തിന്റെ ട്രാക്കിലാകും ഓട്ടം.

ജില്ലയ്ക്കു പുറത്തുനിന്നുള്ള പല നേതാക്കൻമാർക്കും തൃക്കാക്കരയിലെ ഊണിനെപ്പറ്റി ചില സങ്കൽപങ്ങളുണ്ട്. മണ്ഡലത്തിന്റെ പേരു തൃക്കാക്കര എന്നാണെങ്കിലും കൊച്ചിയുടെ ഭാഗമായതിനാൽ മീൻവിഭവങ്ങൾ ഉണ്ടാകുമെന്നതാണു സങ്കൽപം. അതറിയാവുന്നതിനാൽ ‘വീട്ടിലെ ഊണിൽ’ മീൻവിഭവങ്ങളുണ്ടാകും. കഴിഞ്ഞ ദിവസം ഒരുവീട്ടിൽ അത്താഴം കഴിച്ചൊരു യുവനേതാവ് കൂട്ടാൻ ഫിനിഷ് ചെയ്തിട്ടു ചട്ടിയിലിത്തിരി ചോറിട്ടു കഴിക്കണം എന്നാഗ്രഹം പ്രകടിപ്പിച്ചു. വടിച്ചു കഴിച്ചു. വീട്ടുകാരിക്കു സന്തോഷമായി.  തൃക്കാക്കരയുടെ മനസ്സിൽ ഒരു ട്രോൾ നിറയുന്നുണ്ട്.

നിവിൻ പോളി നായകവേഷത്തിൽ വന്ന ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ ഒരു രംഗമാണത്. ഓടിക്കളഞ്ഞ ചീട്ടുകളിക്കാരെ പിന്തുടർന്ന് ഒരു വീട്ടിലേക്ക് എസ്ഐ ഓടിക്കയറുന്നു. ഊണു നേരമാണ്. തീൻമേശയ്ക്കരികിലേക്ക് എസ്ഐ എത്തുന്നു. അവിടെക്കണ്ട ഒരു മുഖം...? ഒരു സംശയം... ‘‘ഇവനേതാ..’’? വീട്ടമ്മയുടെ മറുപടി: ‘‘എനിക്കറീല്ല സാറേ... ഇച്ചിരി ചോറു താ ചേച്ചീ എന്നുപറഞ്ഞ് ഇവിടെ വന്നിരുന്നതാ...’’  തൃക്കാക്കരയിൽ ദിവസവും നൂറുനൂറ്റിയിരുപതു വീടുകളിൽ ഊണൊരുങ്ങുന്നുണ്ട്, ഉപതിരഞ്ഞെടുപ്പിലെ അതിഥികൾക്കായി. ഇച്ചിരി ചോറുതാ ചേച്ചീ എന്നുപറഞ്ഞ്  തീൻമുറിയിൽ കസേര വലിച്ചിട്ട് ഇരുന്നാൽ ആർക്കും കിട്ടും ഊണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com