ചെന്നൈ മെട്രോയിൽ 85,000 യാത്രക്കാർ, കൊച്ചി മെട്രോയിൽ 82,000; കഷ്ടകാലം കഴിയുന്നു, യാത്രക്കാർ നിറയുന്നു...

ernakulam-metro-kiyosk
മെട്രോ സ്റ്റേഷനുകളിലെ കിയോസ്കുകൾ.
SHARE

കൊച്ചി ∙ കോവിഡിന്റെ കഷ്ടകാലം കഴിഞ്ഞു, കൊച്ചി മെട്രോയിൽ യാത്രക്കാർ നിറയുന്നു. ലോക്ഡൗണിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ആളുകൾ ഇപ്പോൾ മെട്രോയിൽ യാത്ര ചെയ്യുന്നു. ചുമതലയേൽക്കുമ്പോൾ കെഎംആർഎൽ എംഡി പറഞ്ഞ ലക്ഷ്യം പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ എന്നായിരുന്നു. പ്രതിദിന യാത്രക്കാർ 25,000 ൽ താഴെയായിരുന്നപ്പോൾ നടത്തിയ പ്രഖ്യാപനം ഇപ്പോൾ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ശരാശരി 72,000 യാത്രക്കാർ ഇപ്പോഴുണ്ട്. കോവിഡിനു മുൻപ് ഇത് 65,000 ആയിരുന്നു.

എസ്എൻ ജംക്‌ഷൻ വരെയുള്ള രണ്ടു സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങുന്നതോടെ 10,000 യാത്രക്കാർ കൂടി അധികം ലഭിക്കുമെന്നാണു പ്രതീക്ഷ. അതോടെ പ്രതിദിന യാത്രക്കാർ 82,000 ആകും. 45 കിലോമീറ്റർ സർവീസ് നടത്തുന്ന ചെന്നൈ മെട്രോയിൽ ശരാശരി യാത്രക്കാർ 85,000 മാത്രമാണെന്നിരിക്കെ 26.5 കിലോമീറ്റർ മാത്രമുള്ള കൊച്ചിയിൽ 82,000 മോശം കാര്യമല്ല. ഒരു ലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തിലേക്കെത്താൻ യാത്രക്കാർക്കായി കെഎംആർഎൽ പുതിയ പദ്ധതികൾ അവതരിപ്പിക്കും. വിദ്യാർഥികൾക്കു ഡിസ്കൗണ്ട് കാർഡ്, പുതിയ ട്രാവൽ പാസ് എന്നിവയാണിത്. 7, 15, 30, 45 ദിവസത്തേക്കുള്ള ട്രാവൽ പാസിൽ ഡിസ്കൗണ്ട് ഉണ്ടാകും.

റജിസ്ട്രേഷനോ കെവൈസിയോ വേണ്ട. ഏതു സ്റ്റേഷനിൽ നിന്നും എവിടേക്കും പോകാം. ഉപയോഗിക്കാത്ത പണം റീഫണ്ട് ചെയ്യും. പുതിയ മൊബൈൽ ആപ്, എഫ്എം റേഡിയോ എന്നിവയും മെട്രോയുടെ പരിഗണനയിലുണ്ട്. സൈക്കിൾ, ഇ ഓട്ടോ, ഇ ബസ് എന്നിവയുടെ ശൃംഖല ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഒരുക്കുന്നു. മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ നഗരത്തിന്റെ ഏതു ഭാഗത്തേക്കും എത്താം. 9 ഇ ബസ് 13 റൂട്ടിൽ പ്രതിദിനം 5–6 സർവീസ് വീതം നടത്തുന്നു. 10 ഹൈഡ്രജൻ ബസിനു ടെൻഡർ നടപടി പൂർത്തിയായി. 200 ഇ ഓട്ടോകൾ വാങ്ങാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തി.യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന മെട്രോയുടെ മറ്റു വരുമാന മാർഗങ്ങളെയും ഉഷാറാക്കി.

മെട്രോ സ്റ്റേഷനുകളിൽ കിയോസ്കുകളുടെയും ഓഫിസ് ഇടങ്ങളുടെയും ലേലത്തിനു മികച്ച പ്രതികരണം ലഭിച്ചു. ചതുരശ്ര അടിക്ക് 50 രൂപ മുതൽ 25,000 വരെ വ്യാപാരത്തിനുള്ള സ്ഥലം ലഭിക്കുമെന്നതു മെട്രോ പരിസരത്തു കച്ചവടം ആഗ്രഹിക്കുന്നവർക്കു ഗുണകരമാണ്. കഴിഞ്ഞ ലേലത്തിൽ 33 കിയോസ്കുകളും 10 ഓഫിസ് ഇടങ്ങളും ലേലത്തിൽ പോയി. ആലുവ, വൈറ്റില, കമ്പനിപ്പടി, അമ്പാട്ടുകാവ്, ഇടപ്പള്ളി, മുട്ടം, കുസാറ്റ്, ടൗൺഹാൾ, സ്റ്റേഡിയം, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, എംജി റോഡ്, മഹാരാജാസ്, സൗത്ത് സ്റ്റേഷനുകളിലായി 63 കിയോസ്കുകളും 18 ഓഫിസ് സ്പേസും ഇനി ഒഴിവുണ്ട്. വടക്കേക്കോട്ട സ്റ്റേഷനിൽ പ്രീ ബുക്കിങ്ങും ആരംഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA