തെരുവുനായ് ആക്രമണം : രണ്ടു മദ്രസ വിദ്യാർഥികൾക്ക് പരുക്ക്

Mail This Article
മൂവാറ്റുപുഴ∙ മദ്രസ വിദ്യാർഥികൾക്കു നേരെ തെരുവുനായ് ആക്രമണം. ആക്രമണം തടയാനുള്ള ശ്രമത്തിനിടയിൽ നിലത്തു വീണു 2 വിദ്യാർഥികൾക്കു പരുക്കേറ്റു. കുട്ടികളുടെ വസ്ത്രങ്ങളും വലിച്ചു കീറി. ഇന്നലെ രാവിലെ എട്ടോടെ നഗരത്തിലെ മാർക്കറ്റ് ബസ് സ്റ്റാൻഡിനു സമീപത്താണു തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്. മദ്രസ വിട്ടു മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കു നേരെ തെരുവുനായ്ക്കൂട്ടം ഓടിയെത്തുകയായിരുന്നു.
ഭയന്നുപോയ കുട്ടികൾ രക്ഷപ്പെടാനുളള ശ്രമത്തിനിടെ നായ്ക്കൾ വസ്ത്രങ്ങൾ കടിച്ചു പറിച്ചപ്പോഴാണു കുട്ടികൾക്കു പരുക്കേറ്റത്. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി നായ്ക്കളെ തുരത്തുകയായിരുന്നു. നഗരത്തിൽ വീണ്ടും തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്.മാർക്കറ്റ് സ്റ്റാൻഡ്, ഇഇസി മാർക്കറ്റ് റോഡ്, വെള്ളൂർകുന്നം, ആരക്കുഴ റോഡ്, ആശ്രമം ബസ് സ്റ്റാൻഡ്, വൺവേ ജംക്‌ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് തെരുവുനായയുടെ ഉപദ്രവം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയവരെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നഗരവീഥികൾ കയ്യടക്കി ഭീതി പടർത്തുന്ന നായ് ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല. തെരുവുനായ്ക്കളുടെ വംശവർധന തടയാൻ സംസ്ഥാനത്ത് ആദ്യമായി എബിസി പദ്ധതി നടപ്പാക്കിയ നഗരസഭയാണ് മൂവാറ്റുപുഴ. എന്നാൽ തുടർ നടപടികൾ ഇല്ലാതെ വന്നതോടെ നായ്ക്കൂട്ടം പെരുകുകയായിരുന്നു.