കൊച്ചി ∙ തൃക്കാക്കരയുടെ വികസന മുരടിപ്പിനു പരിഹാരം തേടുകയാണു ഡോ. ജോ ജോസഫ് സ്വീകരണ പ്രസംഗങ്ങളിൽ ഉടനീളം. അതിനു അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സ്ഥാനാർഥി വോട്ട് ചോദിക്കുന്നു. സ്വീകരണ യോഗങ്ങളിൽ ഉടനീളം ലഘു പ്രസംഗം. പറയാനുള്ള രാഷ്ട്രീയം മുഴുവൻ പൈലറ്റ് പ്രാസംഗികർ പൂർത്തിയാക്കിയിരിക്കും.
മുൻ മന്ത്രി ടി. പി. രാമകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു. കാംബിയൻ സ്‌കൂൾ, അഞ്ചനപ്പളളി, പൊന്നിൻചിറ റോഡ്, ചേതന ജംക്‌ഷൻ, മിൽമ, ആൽത്തറ, കായിക്കര തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രചാരണം. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ഡോക്ടർമാരോടും ജീവനക്കാരോടും പിന്തുണ തേടി. വാഴക്കാല സ്വദേശി റഷീദ് പര്യടനത്തിനൊപ്പമുണ്ട്. പറഞ്ഞു വരുമ്പോൾ റഷീദിന്റെ കസ്റ്റമറാണ് ഡോ. ജോ ജോസഫ്. മീൻ കച്ചവടമാണ് റഷീദിന്. ഡോക്ടറെ ജയിപ്പിക്കണം. അതുമാത്രമാണു റഷീദിന്റെ ആഗ്രഹം.
തൊട്ടിയിൽ ഭഗവതി ക്ഷേത്രം, ഗുരുനഗർ, താണപ്പാടം, കോറ്റേത്ത്, ഈച്ചമുക്ക്, ഈസ്‌റ്റേൺ വില്ല, സെസ് ഗേറ്റ്, തോട്ടപ്പാട്, ചാത്തനാംചിറ, ഇന്ദിര നഗർ, തുതിയൂർ ബസ് സ്റ്റാൻഡ്, ആനമുക്ക്, കുന്നത്തുചിറ, ലക്ഷം വീട്, ദൈവത്തുമുകൾ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു പര്യടനം പാലച്ചുവട്ടിൽ സമാപിച്ചു.