ADVERTISEMENT

കാക്കനാട് ∙ നൂറ്റിയെട്ടു വയസ്സിലും വോട്ടെന്നു കേട്ടാൽ ആസിയ ഉമ്മയ്ക്ക് ആവേശമാണ്. തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് ആസിയ. 100 കഴിഞ്ഞ 22 വോട്ടർമാരിൽ ഒരാൾ.കാളപ്പെട്ടിയും കുരുവിപ്പെട്ടിയുമൊക്കെ കടന്നു സാധാരണ ബാലറ്റ് പെട്ടിയിലൂടെ വോട്ടിങ് യന്ത്രത്തിൽ എത്തി നിൽക്കുന്ന തിരഞ്ഞെടുപ്പു ചരിത്രത്തിനൊപ്പം സഞ്ചരിച്ച ആസിയയ്ക്കു വോട്ട് ചരിത്രത്തേക്കാൾ പ്രായമുണ്ട്. പടമുകൾ കുന്നുംപുറം നെയ്തേലിയിൽ പരേതനായ അഹമ്മദിന്റെ ഭാര്യയാണ് ആസിയ. ഇഷ്ടമുള്ള പാർട്ടിയും ചിഹ്നവുമുണ്ടെങ്കിലും ഏതെന്നു ചോദിച്ചാൽ ആ രഹസ്യം ആസിയ ചിരിയിലൊതുക്കും.

സ്വാതന്ത്ര്യത്തിനു മുൻപ് കളർ ബോക്സ് സംവിധാനത്തിലൂടെയുള്ള വോട്ടിങ് രീതികൾ നാട്ടിലുണ്ടായിരുന്നുവെന്നാണ് ആസിയയുടെ നേരിയ ഓർമ. സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിച്ച ബാലറ്റ് പെട്ടിയിൽ വോട്ടിട്ടാണ് ആസിയ വോട്ട് ചെയ്തു തുടങ്ങിയത്. പിന്നീടു സാധാരണ ബാലറ്റിലേക്കും യന്ത്രത്തിലേക്കും തിരഞ്ഞെടുപ്പ് വഴി മാറിയതൊക്കെ പുതിയ ചരിത്രം. സമീപകാല തിരഞ്ഞെടുപ്പുകളിലൊക്കെ വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ആസിയയ്ക്കു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ബാലറ്റ് പേപ്പർ കയ്യിൽ കിട്ടി. 80 വയസു കഴിഞ്ഞവർക്കു കോവിഡ് മുൻനിർത്തി തപാൽ വോട്ട് ഏർപ്പെടുത്തിയപ്പോഴാണത്.

ഇത്തവണ ബൂത്തിൽ പോയി യന്ത്രത്തിൽ വോട്ട് ചെയ്യാനുള്ള തീരുമാനത്തിലാണ് ആസിയ. സ്ഥാനാർഥികളെ കുറിച്ചു മക്കളും പേരക്കുട്ടികളും അവരുടെ മക്കളും ആസിയയ്ക്കു ധാരണ നൽകിയിട്ടുണ്ട്. വീടിനകത്ത് ഊന്നുവടിയുടെ സഹായത്തോടെയാണു നടപ്പ്. വാഴക്കാല മാനാത്ത് കുറ്റിക്കാട്ട് കൊച്ചുണ്ണിയുടെ മകളാണ്. പതിനാലാം വയസ്സിലാണു ബന്ധു കൂടിയായ അഹമ്മദ് വിവാഹം ചെയ്തത്. 12 മക്കളിൽ നാലു പേർ മരിച്ചു. ഇളയ മകനും തൃക്കാക്കര സാംസ്കാരിക കേന്ദ്രം ജനറൽ സെക്രട്ടറിയുമായ സലിം കുന്നുംപുറത്തിനൊപ്പമാണിപ്പോൾ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com