ADVERTISEMENT

കൊച്ചി∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ജൂൺ ഒന്നിനു പരിഗണിക്കാൻ മാറ്റി. സർക്കാരിന്റെ വിശദീകരണ പത്രിക നൽകാൻ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി. എ. ഷാജി സാവകാശം തേടിയതിനെ തുടർന്നാണു ജസ്റ്റിസ് എ. എ. സിയാദ് റഹ്മാൻ കേസ് മാറ്റിയത്.

ആദ്യഘട്ടത്തിൽ സ്വതന്ത്ര അന്വേഷണം അനുവദിച്ച സർക്കാർ രാഷ്ട്രീയ നേട്ടമെടുത്ത ശേഷം പിൻവാങ്ങുകയാണെന്ന് ആരോപിച്ചാണു നടിയുടെ ഹർജി. സാക്ഷികളെ സ്വാധീനിച്ചതായി ആരോപണമുണ്ടായിട്ടും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകുന്നില്ല. പാതിവഴിയിൽ തുടരന്വേഷണം അവസാനിപ്പിച്ചു റിപ്പോർട്ട് നൽകാൻ രാഷ്ട്രീയ സമ്മർദം ഉണ്ടെന്നും നടി ആരോപിച്ചിരുന്നു.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ നിന്നു ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഫൊറൻസിക് പരിശോധനയ്ക്കു വിടണമെന്ന അപേക്ഷയിൽ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ മേയ് 9ന് ഈ അപേക്ഷ തള്ളിയതായി വിചാരണക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണക്കോടതിയിൽ നിന്നു റിപ്പോർട്ട് തേടണമെന്നു സർക്കാർ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ മറുപടി കിട്ടിയ ശേഷം ആവശ്യമെങ്കിൽ നോക്കാം എന്നായിരുന്നു കോടതിയുടെ പ്രതികരണം.

3 മാസം കൂടി ആവശ്യപ്പെട്ടു സർക്കാർ

നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണത്തിനു 3 മാസം കൂടി ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഫൊറൻസിക് തെളിവുകൾ ശേഖരിക്കാനുണ്ടെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കേണ്ടി വരുമെന്നും കാണിച്ചാണു ഹർജി. അനുവദിച്ച സമയം 31നു കഴിയും.

കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് പരിശോധനയ്ക്കു വിടണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.വീണ്ടെടുത്ത ഫോൺ രേഖകൾ പൂർണമായി പരിശോധിച്ചിട്ടില്ല. ഏകദേശം 75% മാത്രമാണു പരിശോധിച്ചത്. ബാക്കി പരിശോധിക്കാൻ സമയം വേണം. അതുപ്രകാരം കൂടുതൽ സാക്ഷികളുടെ മൊഴി എടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണു സമയം നീട്ടി ചോദിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com