ADVERTISEMENT

കൊച്ചി∙ ‘ഓ...നിങ്ങടെ സ്ഥാനാർഥി തോറ്റല്ലേ? ആരുമായിട്ടായിരുന്നു പന്തയം’. മീശയോ മുടിയോ വടിച്ചു കളഞ്ഞൊരാളെ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം വഴിയിൽ കണ്ടാൽ ഇങ്ങനെയൊരു കുസൃതിച്ചോദ്യം ഉറപ്പ്. പന്തയം വയ്ക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ടാകാമെങ്കിലും തിരഞ്ഞെടുപ്പുകൾ എന്നും ചൂടൻ പന്തയങ്ങളുടെ പൊതുവേദിയാണ്. പതിവു തിരഞ്ഞെടുപ്പു ചർച്ചകൾക്കു ചൂടുപിടിക്കുമ്പോൾ, സ്വന്തം വാദങ്ങളിൽ ഉറച്ചു നിൽക്കുന്ന ഇരുവിഭാഗങ്ങളുടെ വാക്പയറ്റു മൂക്കുമ്പോൾ, വിട്ടുവീഴ്ചയ്ക്ക് ആരും തയാറല്ലെന്ന ഘട്ടമെത്തുമ്പോൾ എവിടെ നിന്നെങ്കിലും പൊടുന്നനെ ഒരു ചോദ്യമുയരും. ‘ബെറ്റിനുണ്ടോ? പുതിയൊരു പന്തയം പിറക്കുകയായി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ തൃക്കാക്കരയങ്കത്തട്ടിലും പന്തയങ്ങൾക്കു പഞ്ഞമില്ല. 

മണ്ഡലത്തിൽ ആരു ജയിക്കും, ഭൂരിപക്ഷമെത്ര, ആരാകും മൂന്നാം സ്ഥാനത്ത്, ട്വന്റി20 വോട്ടുകൾ ആർക്കാകും കിട്ടുക, മുന്നണികൾക്കു വോട്ടു കുറയുമോ തുടങ്ങി തൃക്കാക്കര പന്തയങ്ങൾക്കു വിഷയദാരിദ്ര്യം തീരെയില്ല. ചായക്കടയിലും കള്ളുഷാപ്പിലും ബസ് സ്റ്റോപ്പിലും കലുങ്കിൻ മുകളിലെ സുഹൃദ് സംഗമങ്ങളിലുമെല്ലാം പന്തയങ്ങൾ പിറന്നു വീഴുന്നു. പതിവായി പന്തയം വയ്ക്കുന്ന ചിലരുണ്ട്. ഒരു പരാജയം ഏൽപിച്ച മുറിവിൽ നിന്നു കരകയറാനുള്ള അവസരമാണ് ഇക്കൂട്ടർക്കു പുതിയ പന്തയങ്ങൾ. രണ്ടും മൂന്നും തവണ തോൽക്കുന്നവർക്കാകട്ടെ വീറും വാശിയും കൂടും. തിരഞ്ഞെടുപ്പിൽ വികസനമാണു വാഗ്ദാനമെങ്കിലും പന്തയ വിജയിക്കു ‘കുപ്പി’ മുതൽ കുഴിമന്തി വരെയും പണം മുതൽ വിനോദയാത്ര വരെയുമുള്ള വ്യത്യസ്തമായ വാഗ്ദാനങ്ങളാണു ലഭിക്കുന്നത്. 

സ്വന്തം സ്ഥാനാർഥി തോറ്റാൽ മുടിയും മീശയും നഷ്ടപ്പെടുമെന്നുറപ്പുള്ളവരും ഒട്ടേറെ. ‘കുപ്പി’ പന്തയക്കളത്തിലെ നിത്യഹരിത താരമാണ്. രണ്ടെണ്ണം ഉള്ളിൽ ചെന്നിരിക്കുന്ന സമയത്താണു പന്തയം വയ്ക്കുന്നതെങ്കിൽ ഉറപ്പായും ‘ജയിച്ചാൽ ഒരു ഫുൾ’ ആകും വാഗ്ദാനം. സുഹൃത്തുക്കളായ പാലച്ചുവട് തെക്കേപ്പുറത്തു കെ.ഐ.ഇക്ബാലും കെന്നഡിമുക്ക് മുട്ടേൽ എം.എ.സുബൈറും തമ്മിലുള്ള പന്തയത്തിൽ വിനോദയാത്രയാണു വാഗ്ദാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ടി.തോമസിനു ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നാണ് ഇക്ബാലിന്റെ പ്രവചനം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മൂന്നാറിലേക്കു സൗജന്യ വിനോദ യാത്രയാണ് വാഗ്ദാനം. ഇരു കുടുംബങ്ങളും ഒരുമിച്ചുള്ള വിനോദ യാത്രയുടെ ഭക്ഷണവും താമസവും യാത്രയും ഉൾപ്പെടെ എല്ലാ ചെലവും ഇക്ബാൽ വഹിക്കും. 

എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പരാജയപ്പെട്ടാൽ ഇതേ ചെലവ് താൻ വഹിക്കുമെന്നു സുബൈറും പ്രഖ്യാപിച്ചതോടെ പന്തയക്കരാർ ഉറപ്പിച്ചു. തൃക്കാക്കര നഗരസഭയിലെ മുൻ കൗൺസിലർ എം.എം.നാസറും കോൺഗ്രസ് തൃക്കാക്കര സെൻട്രൽ മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.കുഞ്ഞുമുഹമ്മദും തമ്മിലുള്ള പന്തയത്തിൽ വിജയിക്കു കുഴിമന്തിയാണു വാഗ്ദാനം. പന്തയ വിജയിക്കു മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും കുഴിമന്തി കിട്ടും. ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പരാജയപ്പെട്ടാൽ വോട്ടെണ്ണൽ ദിവസം നാസറിന്റെ വീട്ടിലെ എല്ലാവർക്കും അത്താഴത്തിനു കുഴിമന്തി എത്തിക്കാമെന്നും കുഞ്ഞുമുഹമ്മദ് ഉറപ്പു നൽകിക്കഴിഞ്ഞു. വിജയം ജോ ജോസഫിനാണെന്നും മറിച്ചു സംഭവിച്ചാൽ കുഞ്ഞുമുഹമ്മദിനും കുടുംബാംഗങ്ങൾക്കും കുഴിമന്തി നൽകാമെന്നു നാസറും പ്രഖ്യാപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർക്കിടയിലും പന്തയം മൂക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com