ADVERTISEMENT

കാക്കനാട്∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർക്കാരിനു ചെലവ് ഒരു കോടിയോളം രൂപ. സ്ഥാനാർഥികൾ കെട്ടിവച്ച 1,75,000 രൂപ വരണാധികാരിയുടെ കയ്യിലുണ്ടെങ്കിലും ഇതിൽ 1,20,000 രൂപ തിരികെ നൽകേണ്ടി വരും. 55,000 രൂപ മാത്രമേ ഈ ഇനത്തിൽ വരുമാനമുള്ളൂ. 10,000 രൂപ വീതമാണ് സ്ഥാനാർഥികൾ ജാമ്യസംഖ്യയായി നൽകിയത്. 18 പേർ പത്രിക നൽകിയപ്പോഴാണ് 1.75 ലക്ഷം രൂപ ലഭിച്ചത്. ഒരു സ്ഥാനാർഥി പട്ടിക വിഭാഗക്കാരനായതിനാൽ പകുതി സംഖ്യയാണ് കെട്ടിവച്ചത്. പത്രിക പിൻവലിച്ച 10 പേർക്കും പോൾ ചെയ്തതിന്റെ ആറിലൊരു ഭാഗം വോട്ടു പിടിച്ച യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്കും പണം തിരികെ നൽകേണ്ടി വരും.

ഈ ഇനത്തിൽ 1.20 ലക്ഷം രൂപയാണ് മടക്കി നൽകുക. മത്സരിച്ചിട്ടും ആറിലൊരു ഭാഗം വോട്ടു കിട്ടാതിരുന്ന 6 സ്ഥാനാർഥികളുടെ ജാമ്യസംഖ്യ മാത്രമാണ് സർക്കാരിനു മുതൽക്കൂട്ടാകുന്നത്. പോളിങ് ബൂത്തിൽ ജോലി ചെയ്ത 956 ഉദ്യോഗസ്ഥർക്ക് വേതനമായി 14,81,800 രൂപ നൽകി. 239 പ്രിസൈഡിങ് ഓഫിസർമാർക്ക് 1,700 രൂപ വീതവും 717 പോളിങ് ഓഫിസർമാർക്ക് 1,500 രൂപ വീതവുമാണ് വേതനം നൽകിയത്. വോട്ടെടുപ്പു സാമഗ്രികൾ വിതരണം ചെയ്യാനും വോട്ടെടുപ്പിനു ശേഷം സ്വീകരിക്കാനും നിയുക്തരായ ഉദ്യോഗസ്ഥർക്ക് 850 രൂപ വീതം വേതനം നൽകി.

മൈക്രോ നിരീക്ഷകർക്കും പോളിങ് ദിനത്തിലും തലേന്നാളും റൂട്ട് ഓഫിസേഴ്സ് ആയി സേവനം അനുഷ്ഠിച്ചവർക്കും 850 രൂപ വീതം നൽകി. വോട്ടിങ് യന്ത്രങ്ങളിൽ പേരും ചിഹ്നവും പതിക്കാൻ സഹായിച്ച ജീവനക്കാർക്ക് 750 രൂപ വീതമായിരുന്നു വേതനം. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വേതനം ആഭ്യന്തര വകുപ്പ് നൽകും. ഇവർക്ക് വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും 250 രൂപ വീതം ഭക്ഷണ െചലവ് അനുവദിച്ചിരുന്നു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ്ങിനായി ക്യാമറകൾ സ്ഥാപിച്ച വകയിൽ 14 ലക്ഷം രൂപ അക്ഷയയ്ക്കു തിരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ടു നൽകും.  

ചെലവ് കണക്ക് ഒരു മാസത്തിനകം നൽകണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ പ്രചാരണ ചെലവിന്റെ കണക്ക് ജൂലൈ രണ്ടിനു മുൻപു നൽകണം. ഫലം പ്രഖ്യാപിച്ചു 30 ദിവസത്തിനകം കണക്കു സമർപ്പിക്കണമെന്നാണ് ചട്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com