ADVERTISEMENT

ആലുവ∙ കേരളത്തെ നടുക്കിയ ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊല കേസിലെ പ്രതി ആന്റണി 19 വർഷത്തിനു ശേഷം ആദ്യമായി പരോളിൽ നാട്ടിലെത്തി. 4 വർഷം മുൻപു സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടും ലോക്കൽ പൊലീസിന്റെ എതിർപ്പു മൂലം ആന്റണിക്കു പരോൾ ലഭിച്ചിരുന്നില്ല. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു തന്നെ കൂട്ടിക്കൊണ്ടു പോകാനെത്തിയ 2 സഹോദരങ്ങൾക്കൊപ്പം രാത്രി 10.20ന് ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസിലാണ് ആന്റണി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. 

ആന്റണിയുടെ ജയിൽ മോചനത്തിനു ശ്രമിക്കുന്ന ജീസസ് ഫ്രറ്റേണിറ്റി പ്രവർത്തകൻ ഡെന്നി തോമസും ഉമ്മച്ചൻ ടി.ചക്കുപുരക്കലും സ്വീകരിക്കാൻ കാത്തുനിന്നു. യാത്രയ്ക്കുള്ള 3 ദിവസം ഉൾപ്പെടെ 33 ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുള്ളത്. 2001 ജനുവരി 6നു നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിൽ വയോധികയും 2 കുട്ടികളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ട കേസിലെ ഏക പ്രതിയാണ് ആന്റണി. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് നടത്തിയിരുന്ന അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവാണ് ആന്റണി. 

ലോക്കൽ പൊലീസ് മുതൽ സിബിഐ വരെ വിവിധ ഏജൻസികൾ അന്വേഷിച്ച കേസാണിത്. 2005 ഫെബ്രുവരി 2ന് അന്നു സിബിഐ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ബി. കെമാൽ പാഷയാണ് ആന്റണിക്കു വധശിക്ഷ വിധിച്ചത്. 2006 സെപ്റ്റംബർ 18നു ഹൈക്കോടതി ഇതു ശരിവച്ചു. നവംബർ 13നു സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തെങ്കിലും 2009ൽ അംഗീകരിച്ചു.

പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയും ദയാഹർജി രാഷ്ട്രപതിയും തള്ളിയതോടെ പൂജപ്പുര ജയിലിൽ ആന്റണിക്കായി കഴുമരം ഒരുങ്ങി. 2014ൽ വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഉത്തരവിനെ തുടർന്നാണ് ആന്റണിക്കു തൂക്കുകയറിൽ നിന്നു മോചനം ലഭിച്ചത്. 2018 ഡിസംബർ 11ന് ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. 

വധശിക്ഷ വിധിച്ചതിനെ തുടർന്നു 13 വർഷം ആന്റണി ജയിലിൽ ഏകാന്ത തടവിലായിരുന്നു. ഇപ്പോൾ ജയിലിൽ ചെറിയ ജോലിയുണ്ട്. കേസുമായി ബന്ധപ്പെട്ടു മൊത്തം 22 വർഷത്തോളം ജയിലിൽ കിടന്നു. ആദ്യ 2 വർഷം ഇടയ്ക്കു പരോൾ ലഭിച്ചിരുന്നു. സംഭവത്തിനു ശേഷം വിദേശത്തേക്കു പോയ ആന്റണിയെ പൊലീസ് തന്ത്രപൂർവം തിരികെ വരുത്തി മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com