ADVERTISEMENT

കൊച്ചി∙ ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐയുടെ വ്യാപക പരിശോധന. ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു രണ്ടു ദിവസമായി പരിശോധനകൾ നടക്കുന്നത്. മുതിർന്ന 6 സിബിഐ ഉദ്യോഗസ്ഥരാണു ദ്വീപിൽ ആദ്യമെത്തിയത്. ഇവരെ സഹായിക്കാൻ ഇന്നലെ 23 സിബിഐ ഉദ്യോഗസ്ഥരും  കവരത്തിയിലെത്തി.

ലക്ഷദ്വീപിലെ ഓഫിസുകളുമായി ബന്ധപ്പെട്ടു ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെയും ചില പരാതികളുടെയും പശ്ചാത്തലത്തിലാണു പരിശോധനയെന്നാണു സൂചന. ഓഫിസുകളിലെത്തി മുൻ വർഷങ്ങളിലെയുൾപ്പെടെ ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരോടു ചോദ്യങ്ങൾ ചോദിക്കുകയുമാണു സിബിഐ സംഘം ചെയ്യുന്നത്. മുൻപു ദ്വീപിൽ നടന്ന മാസ് കുംഭകോണം സംബന്ധിച്ചുള്ള ചോദ്യങ്ങളും ഫിഷറീസ് ഉദ്യോഗസ്ഥരോടു ചോദിച്ചതായാണു വിവരം.

ലക്ഷദ്വീപിന്റെ തനതു വിഭവമായ ചൂര ഉണക്കിയെടുത്തുണ്ടാക്കുന്ന ഉൽപന്നമാണു മാസ്. കാലിത്തീറ്റ വാങ്ങിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരിശോധനയും നടത്തുന്നുണ്ട്.ലക്ഷദ്വീപിലെ ഓഫിസുകളിൽ ഉദ്യോഗസ്ഥ ദുർഭരണമാണു നടക്കുന്നതെന്നും പൊതുജനത്തിന് ഉപകാരമുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും പലകുറി ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച പല വൻ പദ്ധതികളും ലക്ഷ്യം കാണാത്തതും ലക്ഷക്കണക്കിനു രൂപയുടെ ദുർവ്യയം ഉണ്ടായതും വാർത്തയായി. 

പൊതു സ്ഥലത്ത് മത്സ്യവിൽപന വിലക്കി

കൊച്ചി∙ പൊതു സ്ഥലങ്ങളിൽ മത്സ്യവിപണനത്തിനു വിലക്ക് ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം ഉത്തരവ് ഇറക്കി. ദ്വീപുകളിൽ ലഭ്യമായ മത്സ്യ മാർക്കറ്റുകൾ ഉപയോഗിക്കുന്നതിനു പകരം റോഡുകളുടെ വശങ്ങളിലും ജംക്‌ഷനുകളിലും മത്സ്യം വിൽക്കുന്നതു പരിസരം വൃത്തിഹീനമാക്കുന്നുവെന്നും പൊതുജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും  ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 2002ൽ നിരോധനം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നെങ്കിലും മത്സ്യവിൽപന വീണ്ടും തുടരുന്നതിനാലാണു പുതിയ ഉത്തരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com