കിടക്കയ്ക്കടിയിൽ ഊരിവച്ച മാലയും ഏലസ്സുകളും ഉൾപ്പെടെ 25 പവനും 25000 രൂപയും മോഷ്ടിച്ചു

തൃക്കളത്തൂരിലെ മോഷണത്തെ തുടർന്ന് സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിന്റെ പരിശോധന.
SHARE

മൂവാറ്റുപുഴ∙ മെഡിക്കൽ ഷോപ്പ് ഉടമയുടെ വീട്ടിൽ നിന്ന് 25 പവനും 25,000 രൂപയും കവർന്നു. തൃക്കളത്തൂർ സൊസൈറ്റിപ്പടി കൽപന മന്ദിർ വീട്ടിൽ വസന്ത രാജിന്റെ വീട്ടിലാണു കവർച്ച നടന്നത്. ഇന്നലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞതെന്നു വസന്ത രാജ് പൊലീസിനോടു പറഞ്ഞു. രാത്രി ഉറങ്ങാൻ നേരത്തു കട്ടിലിൽ കിടക്കയ്ക്കടിയിൽ ഊരിവച്ച മാലയും ഏലസ്സുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കമ്മലുകളും ഉൾപ്പെടെ 25 പവനും കട്ടിലിന്റെ സമീപം ബാഗിൽ സൂക്ഷിച്ച 25000 രൂപയുമാണു നഷ്ടപ്പെട്ടത്.

പേഴയ്ക്കാപ്പിള്ളിയിൽ മെഡിക്കൽ ഷോപ് നടത്തുകയാണ് വസന്ത രാജ്. രാവിലെ പ്രഭാത സവാരിക്കു പോകാറുള്ള ഇദ്ദേഹം വീട്ടിൽ ആളുണ്ടെങ്കിലും വീട് പുറത്തു നിന്നു പൂട്ടാറുണ്ട്. താക്കോൽ പതിവായി വീടിനു മുന്നിലെ തൂണിനു സമീപമാണു വയ്ക്കാറുള്ളത്. പ്രഭാത സവാരി കഴിഞ്ഞെത്തിയപ്പോൾ വീടിന്റെ പിറകിലെ വാതിൽ തുറന്ന നിലയിലായിരുന്നു. കിടക്കയുടെ അടിയിൽ വച്ചിരുന്ന മാല കാണാതായതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണു മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ മുകളിലെ നിലയിൽ ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും മോഷണം ഇവർ അറിഞ്ഞിരുന്നില്ല. പ്രസവ ശുശ്രൂഷകൾക്കായി വസന്ത രാജിന്റെ മരുമകളും ഭാര്യയും എറണാകുളത്തെ ആശുപത്രിയിലായിരുന്നു. ഡിവൈഎസ്പി മുഹമ്മദ് റിയാസ് നേതൃത്വത്തിൽ പൊലീസും ആലുവയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ശാസ്ത്രീയാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പൊലീസ് നായ വീടിനു പുറത്തേക്ക് ഒരു കിലോമീറ്റർ ഓടി തോട്ടുപുറം കവലയിൽ എത്തിയ ശേഷം തിരികെ മോഷണം നടന്ന വീട്ടിലെത്തി നിന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS