ADVERTISEMENT

കൊച്ചി ∙ കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെത്തുന്ന നിങ്ങളോടു മനുഷ്യനല്ലാത്ത ആരോ, ‘ഹലോ’ പറഞ്ഞാൽ ഭയപ്പെടേണ്ട. അതൊരു യന്ത്രമനുഷ്യനായിരിക്കും. നിങ്ങൾക്കു സംശയങ്ങൾ ചോദിക്കാം. യന്ത്രമനുഷ്യന് ഇംഗ്ലിഷും മലയാളവും അറിയാം. അതിലൊരു ഭാഷയിൽ മറുപടി പറയും. 5 അടി ഉയരമുള്ള ഇൗ ‘മനുഷ്യൻ’ വെറും യന്ത്രമല്ല, രസികനാണ്. പാട്ടുപാടും, നൃത്തം ചെയ്യും, കുട്ടികൾക്കു മിഠായി നൽകും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു വേണ്ടി റോബട്ടുകളെ നിർമിക്കാൻ അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജുമായി ധാരണാപത്രം ഒപ്പിട്ടു.

സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ യാത്രക്കാരെ സ്വീകരിച്ച് അവരുടെ സംശയങ്ങൾ നിവർത്തിച്ചു കൊടുക്കുന്ന ജോലിയാണു യന്ത്രമനുഷ്യന്. പരിഹരിക്കാൻ കഴിയാത്ത പരാതികൾ ചുമതലപ്പെട്ടവരെ അറിയിക്കാനും ഇൗ യന്ത്രത്തിനു കഴിവുണ്ട്. തുടക്കം കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ. പിന്നീട് എല്ലാ സ്റ്റേഷനിലും യന്ത്രമനുഷ്യ‍ൻ വരും. അപ്പോഴേക്കും ടിക്കറ്റ് നൽകുന്ന ജോലി ഉൾപ്പെടെ യന്ത്രമനുഷ്യനാവും ചെയ്യുക.സ്റ്റേഷനിൽ സഞ്ചരിക്കാനും ചാർജ് തീർന്നാൽ സ്വയം ചാർജാവാനുള്ള കഴിവുമുണ്ട്. ഫിസാറ്റ് സെന്റർ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക്‌സും ഐഇഇഇയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

നോഡൽ ഓഫിസർ ബിജോയ് വർഗീസ്, സി.മഹേഷ്, സി.രാജേഷ്, സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ ജോസ് ബെൻ, രോഹിത് ജോർജ് എന്നിവർ പദ്ധതിക്കു നേതൃത്വം നൽകുന്നു. ഓഗസ്റ്റിൽ ആദ്യ റോബട്ട് സ്റ്റേഷനിൽ എത്തുമെന്നാണു പ്രതീക്ഷ. എല്ലാ ചോദ്യങ്ങൾക്കും യന്ത്രമനുഷ്യൻ ഉത്തരം തരുമെന്നു കരുതേണ്ട. ട്രെയിൻ വിവരങ്ങൾ, സമയം, പ്ലാറ്റ്ഫോം, ടിക്കറ്റ് നിരക്ക് തുടങ്ങി സ്വന്തം പരിചിത വലയത്തിലെ കാര്യങ്ങൾക്കേ മറുപടിയുള്ളു. ആദ്യ യന്ത്രമനുഷ്യനെ മെട്രോയ്ക്ക് ഫ്രീ ആയി നൽകും. ചെലവ് 4.75 ലക്ഷം രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com