ADVERTISEMENT

കൊച്ചി∙  രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾക്കായി പുറപ്പെട്ടു. കഴിഞ്ഞ 3 സമുദ്ര പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ വിമാനവാഹിനി ഇന്നലെ രാവിലെ പതിനൊന്നോടെ കൊച്ചിൻ ഷിപ്‌യാഡ് ബെർത്തിൽ നിന്നു ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണു കടലിലേക്കു യാത്ര തിരിച്ചത്. 10 ദിവസത്തിലേറെ വിവിധ പരീക്ഷണങ്ങളുമായി കടലിൽ തുടരും. 1500 അംഗ ക്രൂ കപ്പലിലുണ്ട്. 

കമ്മിഷനിങ്ങിനു മുൻപു ചെയ്തു തീർക്കേണ്ട ജോലികളിൽ 95 ശതമാനവും പൂർത്തിയായി എന്നാണു വിവരം. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് ആദ്യ വാരമോ രണ്ടാം വാരമോ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനവാഹിനി നാടിനു സമർപ്പിക്കും. നിലവിൽ ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി–1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മിഷൻ ചെയ്യുന്നതോടെ ഔദ്യോഗിക രേഖകളിലും ഐഎൻഎസ് വിക്രാന്ത് എന്ന പേരിലാകും. 

 പരീക്ഷണം

തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ദിശാനിർണയ ഉപകരണങ്ങൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റഡറുകൾ, ശീതീകരണ ഉപകരണങ്ങൾ തുടങ്ങി ഭൂരിഭാഗവും കപ്പലിൽ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങളാകും അവസാനഘട്ട പരീക്ഷണത്തിൽ പ്രധാനമായും വിലയിരുത്തുക. പ്രൊപ്പൽഷൻ ആൻഡ് സ്റ്റിയറിങ് ട്രയൽസിന് ഇക്കുറി കൂടുതൽ പ്രാമുഖ്യം നൽകും. വേഗം, കടലിൽ വളരെ വേഗം തിരിയാനും മറ്റുമുള്ള കഴിവ് എന്നിവയെല്ലാം പരിശോധിക്കും. പല വേഗത്തിൽ കപ്പൽ ഓടിച്ചുള്ള പരീക്ഷണങ്ങളും നടക്കും.  

 വിമാനങ്ങൾ

കപ്പൽ കമ്മിഷൻ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തും പറന്നുയർന്നുമുള്ള പരീക്ഷണങ്ങൾ നടക്കുക. ഫൈറ്റർ പ്ലെയിൻ സ്ക്വാഡ്രൻ ഗോവയിൽ ആയതിനാൽ ഈ പരീക്ഷണങ്ങൾക്കായി കപ്പൽ ഗോവയിലേക്കു കൊണ്ടുപോകാനും സാധ്യതയുണ്ട്. കപ്പലിലിറങ്ങുന്ന വിമാനങ്ങളുടെ വേഗം കുറയ്ക്കാനുള്ള അറസ്റ്റിങ് ഗിയർ ഉൾപ്പെടെയുള്ളവ മൂന്നാം ഘട്ട പരീക്ഷണ സമയത്തു പരിശോധിച്ചിരുന്നു. ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം ആദ്യ  ഘട്ടത്തിൽത്തന്നെ പൂർത്തിയായി. രാജ്യത്തു നിർമിച്ചിട്ടുള്ളവയിൽ ഏറ്റവും വലിയ യുദ്ധക്കപ്പലാണു വിക്രാന്ത്.   

 ഒഴുകുന്ന നഗരം

കടലിൽ ഒഴുകുന്ന ചെറുനഗരമാണു വിക്രാന്ത്. കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിനു മാത്രം രണ്ടു ഫുട്ബോൾ ഗ്രൗണ്ടിനു തുല്യമായ വലുപ്പം. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവും കപ്പലിനുണ്ട്. 15 ഡെക്കുകളാണു കപ്പലിൽ. 40,000 ടൺ ആണു ഭാരവാഹക ശേഷി. 1700 പേരുള്ള വരുന്ന ക്രൂവിനായി രൂപകൽപന ചെയ്ത കംപാർട്മെന്റുകളിൽ വനിതാ ഓഫിസർമാർക്കു വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 10 ഹെലികോപ്റ്ററുകളെയും 20 യുദ്ധവിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 28 നോട്ടിക്കൽ മൈലാണ്. 3 റൺവേകളുണ്ട്.

പ്രത്യേകതകൾ

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി
ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പൽ
ചെലവ് ഏകദേശം 23,000 കോടി
20,000 ടൺ ഉരുക്ക് (ഉൽപാദനം തദ്ദേശീയം)

യന്ത്ര ഭാഗങ്ങളുടെ 70%, ഉപകരണങ്ങളുടെ 80% തദ്ദേശീയ നിർമാണം
പൊതു, സ്വകാര്യ മേഖലകളിലെ ഇരുനൂറോളം കമ്പനികളുടെ സഹകരണം
ബറാക് 8 സർഫസ് ടു എയർ മിസൈൽ
എകെ–630 ഫുൾ ഓട്ടമാറ്റിക് പീരങ്കി

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com