ADVERTISEMENT

മരട് ∙ വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിരുന്ന കേബിളിൽ കുരുങ്ങിയ സ്കൂൾ ബസിനു മുകളിലേക്കു പോസ്റ്റ് ഒടിഞ്ഞു വീണെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഒഴിവായതു വൻ ദുരന്തം. അപകട സമയത്ത് 8 കുട്ടികളും ഡ്രൈവർ സജീവനും ആയ ഷീലയും വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. തുരുത്തി ക്ഷേത്രത്തിനു സമീപം വൈക്കത്തുശേരി റോഡിൽ രാവിലെ 7.45 നായിരുന്നു അപകടം. കുട്ടികളുമായി എരൂരിലെ സ്വകാര്യ സ്കൂളിലേക്കു പോവുകയായിരുന്നു മിനി ബസ്.

കനത്ത മഴയിലും കാറ്റിലും കേബിൾ താഴ്ന്നാണു കിടന്നിരുന്നത്. വാഹനം ഇതിൽ ഉടക്കിയതാണ് അപകടകാരണം. അതോടെ, കാലപ്പഴക്കം കൊണ്ടു പാതി തകർന്ന നിലയിലായിരുന്ന പോസ്റ്റ് ഒടിഞ്ഞു മുൻ ഭാഗത്തെ വാതിലിനോടു ചേർന്നു വീഴുകയായിരുന്നു. കുട്ടികൾ പിന്നിൽ ഇരുന്നതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. രാവിലെ ആറരയോടെ പ്രദേശത്തു വൈദ്യുതി നിലച്ചിരുന്നു.ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.ഡി.രാജേഷ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മിനി ബസിൽ നിന്നു സുരക്ഷിതമായി ഇറക്കിയ കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിലെത്തിച്ചു. ഉച്ചയോടെ കെഎസ്ഇബി പോസ്റ്റ് മാറ്റി സ്ഥാപിച്ചു.

"താഴ്ന്നു കിടക്കുന്ന കേബിളുകൾ 4 മാസത്തിനുള്ളിൽ നീക്കും"

നഗരസഭാ പരിധിയിൽ അപകടകരമായി താഴ്ന്നു കിടക്കുന്ന കേബിളുകൾ 4 മാസത്തിനുള്ളിൽ നീക്കം ചെയ്യുമെന്നു നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ. ‘മനോരമ’ വാർത്തയെ തുടർന്നു ഫെബ്രുവരിയിൽ കേബിൾ ഓപ്പറേറ്റർമാരുടെ യോഗം വിളിച്ചിരുന്നു. അപകടകരമായ നിലയിലുള്ള കേബിളുകൾ നീക്കം ചെയ്യാൻ നിർദേശം നൽകുകയും ഓപ്പറേറ്റർമാർ ചോദിച്ച സാവകാശം നൽകുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞതോടെ ഒരുമാസം മുൻപു കേബിളുകൾ മുറിച്ചുതുടങ്ങി. 

എന്നാൽ കെഎസ്ഇബി അധികൃതരുടെ മൗനാനുവാദത്തോടെ ചില കേബിൾ ഓപ്പറേറ്റർമാർ നിർദേശം അവഗണിക്കുകയാണ്. നിസ്സാര വാടകയ്ക്കാണു കേബിൾ വലിക്കാൻ കെഎസ്ഇബി പോസ്റ്റുകൾ  നൽകുന്നത്. താഴ്ന്നു കിടക്കുന്ന കേബിളിൽ കുരുങ്ങി ഒട്ടേറെ പേരാണ് അപകടത്തിൽ പെടുന്നത്. നഗരസഭ നൽകിയ സമയപരിധി കഴിഞ്ഞതിനാൽ കേബിളുകൾ മുറിച്ചു മാറ്റുന്നതിൽ ഇളവു നൽകില്ല. ഇന്റർനെറ്റ് സേവനങ്ങൾക്കു തടസ്സം ഉണ്ടാകാത്ത വിധം സമയമെടുത്താണു കേബിൾ മുറിക്കുന്നത്. ഡിവിഷൻ കൗൺസിലർമാരുടെ ആവശ്യപ്രകാരം ജീവനക്കാരുടെ ലഭ്യത അനുസരിച്ചാണു മുറിക്കുകയെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു. 

എന്നാൽ, നഗരസഭയുടെ അനാസ്ഥയാണ് അപകടകരമായ കേബിളുകൾ നീക്കം ചെയ്യാത്തതിനു പിന്നിലെന്നു സിപിഎം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി.സുനിൽകുമാർ ആരോപിച്ചു. സ്കൂൾ വാഹനത്തിനു സംഭവിച്ചതു പോലുള്ള അപകടം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കലക്ടർക്കും പൊലീസ്, നഗരസഭ അധികൃതർക്കും സ്കൂൾ അധിക‍ൃതർ പരാതി നൽകി.

അനാസ്ഥ സൃഷ്ടിച്ച അപകടം

വീതി കുറഞ്ഞ റോഡിൽ താങ്ങാവുന്നതിലുമേറെ കേബിളുകളും പേറി നിൽക്കുന്ന പഴയ വൈദ്യുതി പോസ്റ്റിന്റെ അപകട‌ാവസ്ഥയെപ്പറ്റി പല തവണ പരാതി നൽകിയിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിക്കാതിരുന്നതാണ് അപകടത്തിനു വഴിയൊരുക്കിയത്. ഇതിനു തൊട്ടടുത്താണു പൊതു ടാപ്പ്. വെള്ളമെടുക്കാൻ വരുന്നവരുടെ മുകളിലേക്കു പോസ്റ്റ് വീഴുമെന്ന ആശങ്കയും നാട്ടുകാർ ഉന്നയിച്ചിരുന്നു. സ്റ്റേ കമ്പി വലിച്ചുകെട്ടണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നു ഡിവിഷൻ കൗൺസിലർ കെഎസ്ഇബിക്കു കത്തും നൽകിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com