ADVERTISEMENT

കൊച്ചി ∙ ജില്ലയിൽ ഡെങ്കിപ്പനി കേസ് കൂടുന്നതിനാലും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാലും അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ഈ വർഷം 7 ഡെങ്കിപ്പനി മരണങ്ങൾ സ്ഥിരീകരിച്ചു. മരണങ്ങളിൽ മിക്കതും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക് പനി) മൂലമാണ്. മാരകമാണ് ഈ പനിയെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഡെങ്കി ഹെമറാജിക് പനി ചികിത്സിച്ചാലും ചിലപ്പോഴെങ്കിലും ഭേദമാക്കാൻ കഴിയാതെവരും. ഈ വർഷം 593 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. 2269 പേർ ഡെങ്കിപ്പനി സംശയിച്ചു ചികിത്സ തേടി. ഈ മാസം ഇതുവരെ 45 പേർക്കു സ്ഥിരീകരിച്ചു. 243 പേർ ഡെങ്കിപ്പനി സംശയിച്ചു ചികിത്സ തേടി. 

കൈവിടരുതു ജാഗ്രത 

രോഗലക്ഷണങ്ങൾ കാര്യമായി കാണാതെയും വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്നുപോകാം. ചിലപ്പോൾ സങ്കീർണമായി രോഗിയുടെ ജീവനു ഭീഷണിയാകുന്ന ഡെങ്കു ഹെമറാജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതര അവസ്ഥയുമാകാം. ഡെങ്കിപ്പനി രണ്ടാമതു പിടിപെട്ടാൽ കൂടുതൽ ഗുരുതരമായേക്കും. ആദ്യം വന്നുപോകുന്നതു പലപ്പോഴും അറിയണമെന്നില്ല. ഡെങ്കി സ്ഥിരീകരിച്ചാൽ രണ്ടാമതു വന്നതാണെന്ന രീതിയിൽതന്നെ അതീവ ശ്രദ്ധ വേണം. 3–4 ദിവസം പനിക്കുകയും തുടർന്നു പനി കുറഞ്ഞു ക്ഷീണം കൂടുക, വയറുവേദന, ഛർദി, ശരീരത്തിൽ ചുവന്ന പൊട്ടു പോലെ കാണുക, രക്തസ്രാവം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അപായ സൂചനകളാണ്. ഉടൻ വിദഗ്ധ ചികിത്സ തേടണം. സ്വയംചികിത്സ അരുത്. 

പ്രതിരോധം പ്രധാനം 

ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ വീടുകളിലും പരിസരത്തുമാണു പ്രജനനം നടത്തുന്നത്. കൊതുകു മുട്ടയിടുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയെന്നതാണു പ്രധാനം. ഈഡിസ് കൊതുകുകൾ പകൽ സമയത്താണു കടിക്കുന്നത്. പകൽ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള ലേപനങ്ങൾ, കൊതുകു നിവാരണ മാർഗങ്ങൾ എന്നിവ ഉപയോഗിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിൽ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com