ADVERTISEMENT

കൊച്ചി ∙ സിനിമ ടിക്കറ്റുകൾക്കുള്ള ‘ഇരട്ട’ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുന്നില്ല. രാജ്യത്തെ ഏകീകൃത നികുതിയായ ജിഎസ്ടിക്കു പുറമേ, വിനോദ നികുതി കൂടി ഈടാക്കിയാണു സംസ്ഥാന സർക്കാർ ചലച്ചിത്ര വ്യവസായത്തെ പിഴിയുന്നത്. സിനിമകൾ ലാഭമുണ്ടാക്കാത്തതുവഴിയുള്ള പ്രതിസന്ധിക്കൊപ്പം, നികുതിക്കു മേൽ നികുതി അടിച്ചേൽപിക്കുന്നതു മേഖലയെ കൂടുതൽ ക്ഷീണിപ്പിക്കുമെന്നാണു ചലച്ചിത്ര മേഖലയുടെ ആശങ്ക. 

100 രൂപ ടിക്കറ്റിന് ചെലവ് 129.80 രൂപ 

100 രൂപ വരെയുള്ള ടിക്കറ്റിന് 5 ശതമാനവും അതിനു മുകളിൽ 8.5 ശതമാനവുമാണു വിനോദ നികുതി. 100 രൂപയുടെ ടിക്കറ്റിനു വിനോദ നികുതിയായി 5 രൂപ ഈടാക്കുന്നതോടെ നിരക്ക് 105 രൂപയാകും. പുറമേ ചലച്ചിത്ര ക്ഷേമനിധി, സെസ് ഇനങ്ങളിലായി ഈടാക്കുന്നത് 5 രൂപ. മൊത്തം വരുന്ന 110 രൂപയുടെ 18% ആണു ജിഎസ്ടി; 19.80 രൂപ. ഫലത്തിൽ 100 രൂപയുടെ ടിക്കറ്റിനായി പ്രേക്ഷകൻ മുടക്കേണ്ടത് 129.80 രൂപ.

നാലംഗ കുടുംബം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്തു സിനിമ കാണണമെങ്കിൽ പോലും 520 രൂപ ചെലവിടണം. യാത്ര, ലഘുഭക്ഷണം പോലെ മറ്റു ചെലവുകൾ കൂടിയാകുമ്പോൾ ചുരുങ്ങിയത് 1000 രൂപ വേണ്ടിവരും. കൂടിയ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് ആനുപാതികമായി വിലയും നികുതിയും ഉയരും; ഒപ്പം പ്രേക്ഷകർ മുടക്കുന്ന തുകയും.  വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് ചലച്ചിത്ര സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 

റിലീസ് ചെയ്ത 76ൽ 70 ചിത്രങ്ങളും പൊട്ടി

സംസ്ഥാനത്തു ജനുവരി – ജൂൺ കാലയളവിൽ റിലീസ് ചെയ്ത 76ൽ 70 ചിത്രങ്ങളും സാമ്പത്തികമായി തകർന്നെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. തിയറ്ററുകളിലേക്കു പ്രേക്ഷകരെ ആകർഷിക്കാൻ കഴിയാത്ത അഭിനേതാക്കൾ വൻതുക പ്രതിഫലം വാങ്ങുന്നതു ശരിയാണോയെന്ന് ആത്മപരിശോധന നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ചലച്ചിത്ര മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്നു ഫിലിം ചേംബർ യോഗം വിളിച്ച പശ്ചാത്തലത്തിലാണു പ്രതികരണം.

മലയാള സിനിമയിൽ 50% നിർമാതാക്കളും തിരിച്ചുവരാൻ കഴിയാത്ത വിധം സാമ്പത്തികമായി തകർന്ന നിലയിലാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന വെല്ലുവിളിക്കിടെ കാണികളെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ കഴിയുന്ന മികച്ച ചിത്രങ്ങൾ തീരെ കുറവാണെന്നതാണു പ്രതിസന്ധിയുടെ പ്രധാന കാരണം. വൈദ്യുതി ഫിക്സഡ് ചാർജ് വർധന പോലുള്ള വൻ പ്രതിസന്ധിയിലൂടെയാണു തിയറ്ററുകൾ കടന്നുപോകുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com