ADVERTISEMENT

മുളന്തുരുത്തി ∙ എറണാകുളം-കോട്ടയം ഇരട്ട റെയിൽപാത കടന്നു പോകുന്ന പ്രധാന റോഡുകളിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുളന്തുരുത്തി, പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 3 പ്രധാന റോ‍ഡുകളിലെ ലവൽ ക്രോസുകൾക്കു പകരം പാലം നിർമിക്കണമെന്നാണ് ആവശ്യം. ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യാൻ 20 കോടി അനുവദിച്ച ആരക്കുന്നം-ഒലിപ്പുറം-തൃപ്പക്കുടം റോഡിലെ ഒലിപ്പുറം ലവൽക്രോസ്, ആമ്പല്ലൂർ-ആരക്കുന്നം, കാഞ്ഞിരമറ്റം-എടയ്ക്കാട്ടുവയൽ റോഡുകളിലെ ആമ്പല്ലൂർ  കവല, വിടാങ്ങര ലവൽക്രോസ് എന്നിവിടങ്ങളിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.

ernakulam-ambaloor-railway-gate
ആമ്പല്ലൂർ നാലുംകൂടിയ കവല റെയിൽവേ ഗേറ്റ് ട്രെയിൻ കടന്നു പോകാനായി അടച്ചപ്പോൾ.

നിലവിൽ ട്രെയിൻ കടന്നു പോകുന്നതിനു റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനാൽ ഏറെ നേരം റോഡിൽ കാത്തു കിടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണു ദിവസവും റോഡിലൂടെ പോകുന്നത്. പ്രധാന റെയിൽപാത ആയതിനാൽ മണിക്കൂറിൽ 3 തവണയെങ്കിലും ട്രെയിൻ കടന്നു പോകാൻ ഗേറ്റ് അടച്ചിടാറുണ്ട്. ഒരു ട്രെയിൻ കടന്നു പോകുന്നതിനു 5 മുതൽ 10 മിനിറ്റ് വരെയാണു ഗേറ്റ് അടയ്ക്കുന്നത്. ഇരട്ടപ്പാത ആയതിനാൽ ഒരേ സമയം രണ്ടു ട്രെയിനുകൾ വരെ പോകേണ്ടതിനാൽ 20 മിനിറ്റ് വരെ ഗേറ്റ് അടയ്ക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു.

ernakulam-kanjiramattom-railway-gate
കാഞ്ഞിരമറ്റം വിടാങ്ങര റെയിൽവേ ഗേറ്റ് ട്രെയിൻ കടന്നു പോകാനായി അടച്ചപ്പോൾ.

ആമ്പല്ലൂർ, അരയൻകാവ് ഭാഗങ്ങളിൽ നിന്നു പിറവത്തേക്കും തിരിച്ചും പോകുന്ന ജോലിക്കാരുൾപ്പെടെ ഒട്ടേറെ പേർ സ്ഥിരമായി ആശ്രയിക്കുന്ന റോഡുകളാണിവ. കോവിഡിനു ശേഷം ട്രെയിൻ സർവീസുകൾ പൂർവ സ്ഥിതിയിലായതോടെ അടിയന്തര ഘട്ടങ്ങളിൽ പോലും ഗേറ്റിൽ കാത്തു കിടക്കേണ്ട അവസ്ഥയാണ്. റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതോടൊപ്പം മേൽപാലവും നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com