കൊച്ചി∙ ഇടമലയാർ ഡാമിന്റെ നാലു ഷട്ടറുകളും തുറന്ന് 350 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പിൽ വർധനയുണ്ടാകാത്തത് ആശ്വാസമായി. രാവിലെ തുറന്നുവിട്ട വെള്ളം ഉച്ചയ്ക്കു ശേഷമാണ് കാലടിയിൽ എത്തുക എന്നായിരുന്നു കണക്കു കൂട്ടലെങ്കിലും പ്രതീക്ഷിച്ച അത്രയും വെള്ളം എത്തിയില്ലെന്നു മാത്രമല്ല, പെരിയാറിലെ ജലനിരപ്പ് വൈകിട്ടോടെ കുറയുകയും ചെയ്തു. എന്നാൽ പെരിയാറിലെ ചെളിയുടെ അളവ് വൻതോതിൽ കൂടിയിട്ടുണ്ട്.
65 എൻടിയു ആണ് വെള്ളത്തിലെ ചെളിയുടെ അളവ്. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി. ഇന്നലെ രാവിലെ 10ന് ആന്റണി ജോൺ എംഎൽഎ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 67 ക്യുമെക്സ് വെള്ളമാണ് ആദ്യഘട്ടത്തിൽ പുറത്തേക്ക് ഒഴുക്കിയത്. വൈകിട്ടോടെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കലക്ടർ രേണു രാജ് അറിയിച്ചു.

പെരിയാറിലേക്ക് കൂടുതൽ വെള്ളം
തൊടുപുഴ ∙ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ വീണ്ടും ശക്തമായതോടെ അണക്കെട്ടിന്റെ 13 സ്പിൽവേ ഷട്ടറുകളും തുറന്നു. കഴിഞ്ഞ ദിവസം വരെ 10 ഷട്ടറുകൾ 90 സെന്റിമീറ്റർ വീതം തുറന്നു പെരിയാറിലേക്കു വെള്ളം ഒഴുക്കിയിരുന്നെങ്കിലും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ വരവു കൂടിയതോടെ ഇന്നലെ രാവിലെ എട്ടോടെ 3 ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. സെക്കൻഡിൽ 10400 ഘനയടി ജലം (2,94,528 ലീറ്റർ) അണക്കെട്ടിൽ നിന്നു പെരിയാറിലേക്ക് ഒഴുകി.
പെരിയാറിന്റെ തീരത്തുള്ള വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉച്ചയോടെ സമുദ്രനിരപ്പിൽ നിന്ന് 2387 അടിയിലെത്തിയതോടെ തുറന്നിരുന്ന 5 ഷട്ടറുകളിൽ മൂന്നാം ഷട്ടർ 120ൽ നിന്നു 160 സെന്റിമീറ്ററാക്കി ഉയർത്തി 3,25,000 ലീറ്റർ ജലം ഇടുക്കി അണക്കെട്ടിൽ നിന്നു പുറത്തേക്കൊഴുക്കി.ഇന്നലെ വൈകിട്ട് ആറോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.6 അടിയിലെത്തി.