ADVERTISEMENT

ചോറ്റാനിക്കര ∙ കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറ്റി. യുവതിയും രണ്ടര വയസ്സുകാരി മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊലപാതകക്കേസിലെ പ്രതിയായ ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ ആഷ്‍ലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.50നു ചോറ്റാനിക്കരയിലാണു സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങവേ തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങാൻ ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തു കാർ നിർത്തി.

മകളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് ശ്രീജിത്ത് കാറിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറിൽ നിന്നു വന്ന ആഷ്‍ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറിൽ കയറി. ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാൾ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാർ നിയന്ത്രണം വിട്ടു സമീപത്തെ പാനിപ്പൂരി കടയിൽ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി. ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയിൽ തട്ടി കാർ നിന്നതിനാലാണു വലിയ ദുരന്തം ഒഴിവായത്.

യുവതിക്കും കുട്ടിക്കും പരുക്കേറ്റു. പിന്നാലെ ഓടിവന്ന ശ്രീജിത്തും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. എയർബാഗ് ഉണ്ടായിരുന്നതിനാലാണ് യുവതിയും മകളും ഗുരുതര പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ‌പൊലീസ് ആഷ്‍ലിയെ അറസ്റ്റ് ചെയ്തു. ഇയാൾ റൗഡി ലിസ്റ്റിൽ പെട്ടയാളാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണത്തിനു ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, എസ്ഐമാരായ എ.എൻ. സാജു, എഎസ്ഐ റെക്സ് പോൾ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com