ADVERTISEMENT

കിഴക്കമ്പലം∙കടമ്പ്രയാർ ടൂറിസം പദ്ധതി പ്രദേശം അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറക്കുമെന്ന ടൂറിസം വകുപ്പിന്റെ പ്രഖ്യാപനം പാഴായി. ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചു പോയതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും ടൂറിസം വകുപ്പിനു കഴിഞ്ഞില്ല. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായാണ് പ്രകൃതിരമണീയമായ കടമ്പ്രയാർ.   കടമ്പ്രയാറിൽ നിന്നു ചെളി വാരി നിലവിലെ വോക്‌വേയിൽ ഇടുന്നതല്ലാതെ മറ്റു നവീകരണ ജോലികളൊന്നും നടക്കുന്നില്ല. ടൂറിസം മന്ത്രി ഉൾപ്പെടെ സന്ദർശനം നടത്തി പ്രഖ്യാപനങ്ങൾ നടത്തിയതല്ലാതെ കടമ്പ്രയാർ ടൂറിസം പദ്ധതി ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.   

റസ്റ്ററന്റ്, തൂക്കുപാലം, നടപ്പാത തുടങ്ങിയവ ആരംഭിക്കാനാണ് വികസന സമിതി യോഗത്തിൽ തീരുമാനിച്ചത്. നിലവിൽ വോക്‌വേയിലേക്ക് കോരിയിട്ട ചെളി എങ്ങനെ നീക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതയും, കൈവരികളും നശിച്ച നിലയിലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ കടമ്പ്രയാർ ടൂറിസം കേന്ദ്രം സന്ദർശിക്കാനെത്തുന്നവർ വെള്ളത്തിൽ വീഴും. പൊലീസിന്റെ കൃത്യമായ പരിശോധന ഇല്ലാത്തതിനാൽ ഇൗഭാഗം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി.

പ്രളയത്തിൽ മുങ്ങിപ്പോയ നടപ്പാതയും കൈവരികളും ആദ്യഘട്ടത്തിൽ പുനർനിർമിക്കുമെന്നും ജില്ലയിലെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിധം ജലകേളീ വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്നും എംഎൽഎ പ്രഖ്യാപിച്ചിരുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും  ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. കടമ്പ്രയാർ പദ്ധതി പ്രദേശത്ത് വിനോദ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വഴിവിളക്കുകൾ, ഇരിപ്പിടം എന്നിവ പ്രാവർത്തികമാക്കിയിട്ടില്ല. ഇതെല്ലാം നടപ്പായാൽ  ഇൻഫോ പാർക്ക്, വണ്ടർലാ എന്നിവിടങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളടക്കമുള്ളവർ കടമ്പ്രയാർ ടൂറിസം പ്രദേശത്തേക്ക് എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com