അവയവമാറ്റ ശസ്ത്രക്രിയ പരാതി ഉണ്ടായാൽ അന്വേഷണമാകാം; തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു പരാതികൾ ലഭിച്ചാൽ ബന്ധപ്പെട്ട അധികൃതർക്ക് അന്വേഷണം നടത്താനാവുമെന്നും അത് തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതിയിൽ ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനെതിരെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 4 ഡോക്ടർമാർ നൽകിയ അപ്പീൽ തള്ളിയാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഡോക്ടർമാരുടെ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊല്ലം സ്വദേശിയായ ഡോക്ടറാണു പരാതി നൽകിയത്. കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്നും ആരോപണം അപകീർത്തികരവും തെറ്റുമാണെന്നും ഹർജിക്കാർ വാദിച്ചു. പരാതിയിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും ഇതിൽ അന്വേഷണം നടക്കുന്നതിനിടെ കൗൺസിൽ സമാന വിഷയത്തിൽ നോട്ടിസ് നൽകിയെന്നും ഹർജിക്കാർ അറിയിച്ചു.
എന്നാൽ ട്രാവൻകൂർ–കൊച്ചി കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ അന്വേഷണത്തിനായി നൽകിയ നോട്ടിസ് നിയമപരമാണെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പരാതി ലഭിച്ചാൽ 1994ലെ അവയവമാറ്റ ശസ്ത്രക്രിയാ നിയമവും 2002ലെ എത്തിക്‌സ് റെഗുലേഷൻസും അനുസരിച്ച് അന്വേഷിക്കാൻ നിയമപരമായ അതോറിറ്റിക്ക് അധികാരമുണ്ട്. അന്വേഷണം നടത്തിയാൽ മാത്രമേ സത്യവും പരാതിയിലെ ആരോപണങ്ങളുടെ യാഥാർഥ്യവും കണ്ടെത്താനാവൂയെന്നും കോടതി പറഞ്ഞു.