നമ്പർ മറച്ച വാഹനങ്ങളിൽ രാത്രി ‘പട്രോൾ’; ലഹരിക്കച്ചവടം, അനാശാസ്യം: ഒന്നര മാസത്തിനിടെ 7 കൊല

HIGHLIGHTS
  • പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം
നിഴൽപോലെ മരണം: കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ച സ്ഥലത്തു പരിശോധന നടത്തുന്ന ഫൊറൻസിക് ഉദ്യോഗസ്ഥന്റെ നിഴൽ ടാറിട്ട റോഡിൽ വീണുണങ്ങിയ രക്തത്തിനു മുകളിൽ. ഇൻസെറ്റിൽ എം.ആർ. രാജേഷ്
SHARE

കൊച്ചി∙ മാരകായുധങ്ങളുമായി ‘പാതിരാ പട്രോൾ’ നടത്തുന്ന ഗുണ്ടകളുടെയും സ്ഥിരം ക്രിമിനലുകളുടെയും സാമൂഹികവിരുദ്ധരുടെയും പിടിയിൽ നഗരം. ഒന്നര മാസത്തിനിടെ കൊച്ചിയിൽ നടക്കുന്നത് ഏഴാമത്തെ കൊലപാതകം. ഇതിൽ ഒടുവിലത്തെ ഇരയാണു കലൂരിൽ ശനിയാഴ്ച ഗാനമേളയ്ക്കിടെ കൊല്ലപ്പെട്ട ഫോർട്ട്കൊച്ചി പനയപ്പള്ളി സ്വദേശി രാജേഷ്. കൊലപാതകങ്ങളിലേറെയും നടന്നതു പാതിരാത്രിക്കു ശേഷമാണെന്നതു ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും നഗരരാത്രികൾ കയ്യടക്കുന്നതിന്റെ സൂചനയാണ്.

പൊലീസ് നിഷ്ക്രിയത്വമാണു നഗരത്തെ കുരുതിക്കളമാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഓഗസ്റ്റ് 10ന് രാത്രി നോർത്ത് പാലത്തിനു സമീപത്തെ റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവു കുപ്പി കൊണ്ടുള്ള കുത്തേറ്റു മരിച്ചതാണു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. കൊല്ലം നീണ്ടകര സ്വദേശി എഡിസനാണ് അന്നു കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതി മുളവുകാടു സ്വദേശി സുരേഷിനെ പിടികൂടാൻ ഇനിയും പൊലീസിനായിട്ടില്ല.

ഓഗസ്റ്റ് 14ന് നഗരമധ്യത്തിൽ സൗത്ത് മേൽപാലത്തിനു സമീപം കളത്തിപ്പറമ്പ് റോഡിൽ പുലർച്ചെ ഒന്നിനു വരാപ്പുഴ സ്വദേശി ശ്യാം കുത്തേറ്റു മരിച്ചതാണു രണ്ടാമത്തെ സംഭവം. ട്രാൻസ്ജെൻഡറുകളെ ചൊല്ലിയുള്ള തർക്കമാണു അക്രമത്തിലേക്കു വഴിമാറിയത്. ഈ കേസിലെ പ്രതികളെ പിറ്റേന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം 16ന് മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണനെ കാക്കനാട്ടെ ഫ്ലാറ്റിൽ കൊലപ്പെടുത്തി മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഡക്ടിൽ തള്ളിക്കയറ്റിയതാണു മൂന്നാമത്തെ സംഭവം. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ടു നടന്ന ഈ കൊലപാതകത്തിലെ പ്രതികൾ പൊലീസ് വലയിലായി.

28ന് നെട്ടൂരിൽ ഭാര്യയെ കൊണ്ടു യുവാവിനെ വിളിച്ചു വരുത്തി വീൽ സ്പാനർ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസാണു നാലാമത്തേത്. ഇതിൽ കൊല്ലപ്പെട്ടയാളും കൊലപാതകിയും പാലക്കാട് സ്വദേശികളായിരുന്നു. കൊടുന്തിരപ്പള്ളി സ്വദേശി ബി.അജയ്കുമാർ ആണു കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകം നടന്നു കൃത്യം ഒരു മാസം തികഞ്ഞ സെപ്റ്റംബർ പത്തിനാണു കലൂരിൽ വീടു കയറി ആക്രമണം നടത്താനെത്തിയ സംഘത്തിലെ യുവാവു കുത്തേറ്റു മരിച്ചത്.

പട്ടികയിൽ അഞ്ചാമത്തെ കൊലപാതകമായിരുന്നു ഇത്. ഈ സംഘർഷത്തിൽ കുത്തേറ്റു ചികിത്സയിലായ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.സെപ്റ്റംബർ 18ന് തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനു സമീപം കുത്തേറ്റ പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തിൽ പ്രവീൺ ഫ്രാൻസിസ് വെള്ളിയാഴ്ചയാണു മരിച്ചത്. വിവിധ കേസുകളിൽ പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി അഖിലിനെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് ഇടപെടലില്ല, പേരിനു പോലും

കൊച്ചി∙ തുടർച്ചയായി യുവാക്കൾ കൊലക്കത്തിക്കിരയാകുമ്പോൾ നഗരം ഭീതിയിൽ. ലഹരി ഉപയോഗം വ്യാപകമായതോടെ മാരകായുധങ്ങളുമായി ഇരുചക്ര വാഹനങ്ങളിൽ സാമൂഹിക വിരുദ്ധർ റോന്തു ചുറ്റുകയാണ്. ലഹരിയുടെ മൂർധന്യത്തിൽ ഇവർ പിടിച്ചുപറിക്കും കലഹത്തിനും മുതിരുകയും വഴിയാത്രക്കാരെയുൾപ്പെടെ ആക്രമിക്കുകയും ചെയ്യുന്നു. കർശന സുരക്ഷ വേണ്ട വ്യാവസായിക തലസ്ഥാനത്തു പേരിനു പോലും പൊലീസ് പട്രോളിങ് ഇല്ലാതായെന്നാണു പരാതി.

വിവിധ സ്ഥാപനങ്ങളിലെ രാത്രി ഡ്യൂട്ടിക്കാരും ദൂരയാത്രക്കാരുമുൾപ്പെടെ പ്രാണഭയത്തോടെയാണു നഗരത്തിലൂടെ സഞ്ചരിക്കുന്നത്. രാത്രിയിലും യാത്രക്കാരേറെയെത്തുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പ്രധാന ആശുപത്രികൾ എന്നിവയുടെ സമീപത്തെല്ലാം സാമൂഹികവിരുദ്ധരും ഗുണ്ടകളും മോഷ്ടാക്കളും ലഹരിക്കച്ചവടക്കാരും താവളമടിച്ചിരിക്കുകയാണ്. നഗരത്തിൽ രാത്രി മുഴുവൻ തുറന്നിരിക്കുന്ന ചില ചെറു ഭക്ഷണശാലകൾ കേന്ദ്രീകരിച്ചാണു ലഹരിക്കച്ചവടം നടക്കുന്നതെന്നു വ്യാപാരികൾക്കു തന്നെ പരാതിയുണ്ട്.

ഇന്നലെ കൊലപാതകം നടന്ന രാജ്യാന്തര സ്റ്റേഡിയം പരിസരം രാത്രികാലങ്ങളിൽ ഇത്തരം സാമൂഹികവിരുദ്ധരുടെ പ്രധാന കേന്ദ്രമാണ്. ഇടപ്പള്ളി, പനമ്പിള്ളിനഗർ, പാലാരിവട്ടം തുടങ്ങിയ പ്രധാന ജംക്‌ഷനുകളിലെ വിവിധ ഇടറോഡുകളിലും ഇത്തരക്കാർ തമ്പടിക്കുകയാണ്. ലഹരിമരുന്നു കടത്തുന്ന സംഘങ്ങൾ വൻ തോതിൽ ആയുധങ്ങൾ സംഭരിക്കുകയും പട്ടാപ്പകൽ പോലും ഇതുമായി വാഹനങ്ങളിൽ നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നു മുൻപുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നു.

പാതിരാത്രി കഴിയുന്നതോടെ യുവാക്കൾ രാത്രി വ്യാപാരം നടക്കുന്ന കടകൾക്കു സമീപത്തെത്തുകയും ഒരുമിച്ചു ലഹരി ഉപയോഗിക്കുകയും പിന്നീടു വിവിധ സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്യുന്നു. ഒന്നുപറഞ്ഞു രണ്ടിന് ആയുധമെടുത്തു പ്രയോഗിക്കുന്നവരാണ് ഇതിൽ ഏറെയും. നമ്പർ പ്ലേറ്റ് മറച്ച ഇരുചക്രവാഹനങ്ങളിൽ ആയുധങ്ങളുമായാണു യുവാക്കളുടെ സഞ്ചാരം. ലഹരിക്കച്ചവടവും അനാശാസ്യ പ്രവർത്തനങ്ങളുമാണ് ഇവരുടെ വരുമാന മാർഗം. യുവാക്കൾക്കൊപ്പം അടുത്തകാലത്തായി യുവതികളും ഇത്തരം സംഘങ്ങളിലുണ്ട്.

മുൻപു ലൈംഗിക വ്യാപാരം ലക്ഷ്യമിട്ടു നിരത്തുകളിലെത്തിയിരുന്ന ഒരു വിഭാഗം ഇപ്പോൾ ലഹരിക്കച്ചവടത്തിലേക്കും അക്രമത്തിലേക്കും തിരിഞ്ഞുവെന്നും പരാതിയുണ്ട്. എന്നാൽ വാഹന പരിശോധനയുൾപ്പെടെ ശക്തമാക്കി സാമൂഹിക വിരുദ്ധരെ അടിച്ചമർത്തേണ്ട പൊലീസിന്റെ സാന്നിധ്യമാകട്ടെ ഇത്തരം കേന്ദ്രങ്ങളിലൊന്നും കാണാൻ പോലുമില്ല. വലിയ സംഘർഷങ്ങളോ കൊലപാതകമോ നടന്നാലേ പൊലീസ് തിരിഞ്ഞു നോക്കൂ എന്നതാണു നിലവിലെ സ്ഥിതി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനയല്ലാതെ വാഹനപരിശോധനയ്ക്കോ യാത്രക്കാരുടെ വിവരങ്ങൾ തേടലിനോ പൊലീസ് മെനക്കെടുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}