കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്ക്: കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി

1248-kerala-high-court
SHARE

കൊച്ചി∙ കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്കു നടത്തിയ ജീവനക്കാരെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. യൂണിയനുകൾ വിചാരിക്കുന്നതു മാത്രമാണു നടക്കുന്നതെന്നും അങ്ങനെയെങ്കിൽ അവർക്കു തന്നെ ഈ പ്രസ്ഥാനം ഏറ്റെടുത്തു നടത്തിക്കൂടേ എന്നും കോടതി രോഷം കൊണ്ടു. മിന്നൽ പണിമുടക്കിനെതിരെ കടുത്ത നടപടി വേണമെന്നു പറഞ്ഞ കോടതി അന്വേഷണ നടപടികളുടെ കാര്യത്തിൽ കെഎസ്ആർടിസിയുടെ നിലപാട് തേടി. ഒക്ടോബർ 6നു കേസ് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്തെ 4 ഡിപ്പോകളിൽ 2022 ജൂൺ 26നു നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ നൽകിയ ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

ശമ്പളം കിട്ടാതായപ്പോൾ ജനങ്ങളെല്ലാം ജീവനക്കാർക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു. സർവീസ് ഷെഡ്യൂൾ മാറ്റിയതിൽ പ്രതിഷേധിച്ച് പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ നടന്ന പണിമുടക്കിൽ 63 സർവീസുകൾ മുടങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു. എന്നാൽ, ഒട്ടും പ്രായോഗികമല്ലാത്ത ഷെഡ്യൂൾ നിശ്ചയിച്ചതാണു പ്രതിഷേധത്തിന് ഇടയാക്കിയതെന്നും നടപടിക്കു മുൻപ് എൻക്വയറി നടത്തിയില്ലെന്നും ഹർജിക്കാർ ആരോപിച്ചു.

മൈനർ പെനൽറ്റി ആയതിനാൽ അതിന്റെ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചപ്പോൾ, മൈനർ പെനൽറ്റി പോരാ, മേജർ പെനൽറ്റിയാണു വേണ്ടതെന്നു കോടതി പ്രതികരിച്ചു. രാവിലെ ഡിപ്പോയിൽ എത്തി ബസ് ഓടിക്കില്ലെന്നു പറയാൻ ജീവനക്കാർക്ക് എങ്ങനെ കഴിയുമെന്നു കോടതി ചോദിച്ചു. ഒരാഴ്ച മുൻപ് അറിയുന്ന സർവീസ് ഷെഡ്യൂളിനെക്കുറിച്ചു പരാതി ഉണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാമായിരുന്നു. സമരദിനത്തിലെ നഷ്ടം ആര് നികത്തും? ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയാണു വേണ്ടതെന്നു കോടതി പറഞ്ഞു.

സമരത്തെ നേരിടാൻ കെഎസ്ആർടിസി

കെഎസ്ആർടിസി ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണെന്നും അതിനിടെ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്നും മാനേജ്മെന്റ് അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ 5 നു മുൻപ് നൽകാനാണു തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ആർക്കും ഇതു നൽകില്ലെന്നു മാനേജ്മെന്റ് മുന്നറിയിപ്പു നൽകി. ഒക്ടോബർ 1 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കെഎസ്ആർടിസി: അപ്പീൽ തീർപ്പാക്കി

കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളവും ഓണം ബോണസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. സ്റ്റേ കിട്ടിയിട്ടും സർക്കാർ, തുക മുഴുവൻ നൽകിയിരുന്നു. നിയമപരമായി ബാധ്യത ഇല്ലാത്തതു കൊണ്ടാണ് അപ്പീൽ നൽകിയതെന്നും ചർച്ചയിൽ സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ യൂണിയനുകൾ അംഗീകരിച്ചതു കൊണ്ടാണു തുക കൈമാറിയതെന്നും അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചു.

ശമ്പളം നൽകാൻ ബാധ്യതയില്ലെന്നും പണമില്ലെന്നും പറഞ്ഞാണു സർക്കാർ അപ്പീൽ നൽകിയത്. തുടർന്ന് സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി രൂപയ്ക്കു ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യാനും ബാക്കി തുകയ്ക്കു സാധനങ്ങൾ വാങ്ങാനുള്ള കൂപ്പൺ നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഉത്തരവിറങ്ങി ദിവസങ്ങൾക്കുള്ളിൽ മുഴുവൻ തുകയും സർക്കാർ അനുവദിച്ചതിന്റെ സാഹചര്യം വിശദീകരിക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. എജിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കി. ശമ്പളം യഥാസമയം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി സിംഗിൾ ബെഞ്ചിലേക്കു വിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA