ADVERTISEMENT

കോടികൾ മുടക്കി പാത നവീകരിക്കുമ്പോഴും എംസി റോഡിലെ അപകടങ്ങളും അതുമൂലമുള്ള മരണങ്ങളും കുറയുന്നില്ല. ഗതാഗതക്കുരുക്കിന് ഇടയിലൂടെ ഉയിരും ചേർത്തുപിടിച്ചു പോകുന്നവരുണ്ട്; ആംബുലൻസ് ഡ്രൈവർമാരും സന്നദ്ധപ്രവർത്തകരും. അവർക്കും പറയാനുള്ള മറ്റൊന്ന് ആശങ്കയാണ്; നിയമങ്ങൾ കാറ്റിൽ പറത്തി എംസി റോഡിനെ അപകടക്കളമാകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന ആശങ്ക.   

ജീവൻ രക്ഷിക്കാൻ തുണ 

ഒന്നര വർഷം മുൻപു നടന്ന സംഭവമാണ് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിലെ ആംബുലൻസ് ഡ്രൈവർ പി.എം.വർഗീസ് മുടക്കുഴ തുരുത്തിൽ പാമ്പു കടിയേറ്റ സ്ത്രീയെയുംകൊണ്ട് അങ്കമാലിയിലെ ആശുപത്രിയിലേക്ക് എംസി റോഡ് വഴിയുള്ള യാത്രയിലാണ്. ഒക്കലിൽ എത്തിയപ്പോൾ നീണ്ട വാഹനനിര. മറ്റു വാഹനങ്ങൾ വശങ്ങളിലേക്കു മാറ്റാൻ പോലും കഴിയുന്നില്ല. ഇതിനിടെയാണ് സന്നദ്ധ പ്രവർത്തകർ എത്തിയത്.

ഒരു ഇടവഴിയിലൂടെ പോകാൻ നിർദേശിച്ച് അവർ ബൈക്കിൽ മുന്നിൽ സഞ്ചരിച്ചു. കാലടി പാലത്തിനു മുൻപ് മറ്റൊരു ഇടവഴിയിലൂടെ പാലത്തിലേക്കു കടന്നു. സന്നദ്ധ പ്രവർത്തകർ അങ്കമാലി വരെ ആംബുലൻസിനു മുന്നിൽ പോയി തടസ്സങ്ങൾ പരമാവധി ഒഴിവാക്കി. കുറച്ചു വൈകിയാണ് ആശുപത്രിയിൽ എത്തിയതെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമുണ്ട് വർഗീസിന്. 

നിയമങ്ങൾ കാറ്റിൽ പറത്തി തടി ലോറികൾ

പെരുമ്പാവൂരിലെയും പായിപ്രയിലെയും പ്ലൈവുഡ് കമ്പനികളിൽ പാഴ്‌ത്തടി എത്തിക്കാൻ രാപകൽ വ്യത്യാസമില്ലാതെ എംസി റോഡിലൂടെ പായുന്നത് ഒട്ടേറെ ലോറികളാണ്. ഇതിൽ പലതും ഗതാഗത നിയമങ്ങൾ പാലിക്കാറില്ല. ടയർ പൊട്ടിയും ആക്സിൽ ഒടിഞ്ഞും റോഡിൽ കുരുക്കുണ്ടാക്കുന്ന ഇത്തരം ലോറികൾ എംസി റോഡിലും മൂവാറ്റുപുഴ-തൊടുപുഴ റോഡിലും പതിവു കാഴ്ചയാണ്. എംസി റോഡിന്റെ പലഭാഗങ്ങളിലും തടി വാങ്ങാൻ ഇടനിലക്കാർ ലോറികൾ തടഞ്ഞിടാറുണ്ട്. ഇതിനായി ലോറി പെട്ടെന്നു നിർത്തുകയും പിന്നിലെ വാഹനം ലോറിയിൽ ഇടിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ട്. 

അപകടം ഒഴിയാതെ തൃക്കളത്തൂർ 

എംസി റോഡിലെ തൃക്കളത്തൂർ സ്ഥിരം അപകട മേഖലയാണ്. തൃക്കളത്തൂരിലെ സൊസൈറ്റിപ്പടി, കാവുംപടി എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും. തൃക്കളത്തൂരിൽ ഈ വർഷം അപകടത്തിൽ മരിച്ചത് 5 പേരാണ്. എംസി റോഡിന്റെ അശാസ്ത്രീയ നവീകരണം, വാഹനങ്ങളുടെ അമിത വേഗം, തടി ലോറികളുടെ പാച്ചിൽ, റോഡ് കയ്യേറ്റം ഇതൊക്കെയാണു തുടർച്ചയായ അപകടങ്ങൾക്കു കാരണം. ആറൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗത്താണ് അശാസ്ത്രീയ നിർമാണജോലികൾ നടന്നത്. സേഫ്റ്റി ഓഡിറ്റ് വർഷങ്ങളായി ഫയലിലാണ്. 40 ലക്ഷം രൂപയുടെ കർമ പദ്ധതി തയാറാക്കി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എറണാകുളം കലക്ടർക്കു നൽകിയെങ്കിലും നടപടിയില്ല. 

ernakulam-kalady-sreesanakara-bridge
കാലടി ശ്രീശങ്കര പാലം.

കുരുക്കു മുറുക്കുന്ന കാലടി 

കാലടിയിലെ ഗതാഗതക്കുരുക്കുമൂലം പലവട്ടം ബുദ്ധിമുട്ടിയിട്ടുണ്ടെന്നു കാഞ്ഞൂരിലെ ആംബുലൻസ് ഡ്രൈവർ ജോയി കാച്ചപ്പിള്ളി പറയുന്നു. അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിക്കേണ്ടവരുടെ ബന്ധുക്കളുടെ ആധി പലവട്ടം കണ്ടിട്ടുണ്ട്. പലപ്പോഴും ഒക്കൽ, മുണ്ടങ്ങാമറ്റം, മറ്റൂർ ശ്മശാനങ്ങളിലേക്കു മൃതദേഹങ്ങൾ സമയത്ത് എത്തിക്കാൻ പറ്റാതെ വരാറുണ്ട്. കാലടിക്കടുത്ത് ചെങ്ങൽ ബിഎസ്എൻഎൽ ഓഫിസ്, ചെങ്ങൽ ഓട്ടുകമ്പനി എന്നിവിടങ്ങളിൽ ഇട റോഡുകളുണ്ട്. വളവും തിരിവും കുഴികളുമുള്ള ഈ റോഡുകളിലൂടെ അത്യാസന്ന നിലയിലുള്ളവരുമായി പോകാൻ പറ്റില്ല. അതുകൊണ്ട് എംസി റോഡിനെ ആശ്രയിക്കേണ്ടിവരും.

ഈ ജീവനു വിലയില്ലേ ?

ഒന്നര വർഷത്തിനിടെ കോട്ടയം മുതൽ പട്ടിത്താനം വരെ 32 അപകടങ്ങൾ. മരണം: 23.
കൂത്താട്ടുകുളത്തിനും വടക്കൻ പാലക്കുഴയ്ക്കും ഇടയിൽ ഈ വർഷം 4 പേർ മരിച്ചു.
മണ്ണൂർ മുതൽ താന്നിപ്പുഴ വരെ പെരുമ്പാവൂർ ഭാഗത്ത് ഏപ്രിലിനും സെപ്റ്റംബറിനും ഇടയിൽ 4 അപകടങ്ങളിൽ 6 മരണം.

മൂവാറ്റുപുഴയ്ക്കു സമീപം ആറൂർ മുതൽ മണ്ണൂർ വരെ 2 വർഷത്തിനിടെ മരിച്ചതു 32 പേർ.
കാലടി മുതൽ വേങ്ങൂർ വരെ ഈ വർഷം 5 അപകടങ്ങൾ; 2 മരണം.

എംസി റോഡിലെ വളവുകളിൽ നിന്ന് നിയന്ത്രണം വിട്ടിട്ടുണ്ട്

എംസി റോഡിലെ കൊടുംവളവുകളിൽ ആംബുലൻസിന്റെ നിയന്ത്രണം കൈവിട്ടിട്ടുണ്ട്. ഭാഗ്യം തുണച്ചതിനാൽ അപകടങ്ങളായില്ല. കൂത്താട്ടുകുളം ടൗണിൽ റോഡിന്റെ വീതിക്കുറവു മൂലം ഓവർടേക്കിങ് ബുദ്ധിമുട്ടാണ്. ആംബുലൻസ് പോലുള്ള വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതു കൃത്യമായി മനസ്സിലാകും.
- ജോബി ചെറിയാൻ, ആംബുലൻസ് ഡ്രൈവർ

ഗതാഗതക്കുരുക്ക് മൂലം പോകാൻ കഴിയാത്ത അവസ്ഥ

കാലടിയിലെ ഗതാഗതക്കുരുക്ക് കാരണം കാലടി, മറ്റൂർ മേഖലയിലെ ഓട്ടോറിക്ഷകൾക്ക് ഓട്ടം കുറവാണ്. മറ്റൂരിൽനിന്നു കാലടി, പെരുമ്പാവൂർ, നെടുമ്പാശേരി ഭാഗങ്ങളിലേക്കാണു കൂടുതൽ ഓട്ടം കിട്ടാറുള്ളത്. ഗതാഗതക്കുരുക്കുമൂലം കാലടി, പെരുമ്പാവൂർ ഭാഗത്തേക്ക് ഓട്ടം പോകാൻ കഴിയുന്നില്ല. നെടുമ്പാശേരി ഭാഗത്തേക്ക് ആരും കാലടി വഴി വരാതായി.
- എം.എ.ജോസ്, ഓട്ടോറിക്ഷ ഡ്രൈവർ, മറ്റൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com