ADVERTISEMENT

മൂവാറ്റുപുഴ∙ പൈനാപ്പിൾ കൃഷിക്കു കീടങ്ങളിൽ നിന്നു സംരക്ഷണം നൽകാനും വിളകൾക്ക് ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. പൈനാപ്പിൾ തോട്ടത്തിനു മുകളിൽ പറന്നു വളപ്രയോഗം നടത്തുകയും കീടങ്ങളെ തുരത്താൻ കീടനാശിനി തളിക്കുകയും ചെയ്യുന്ന ഡ്രോൺ പരീക്ഷണം ആയവനയിലാണ് ആദ്യം നടക്കുക. കൃഷിക്കാർക്കും കാർഷിക സംഘങ്ങൾക്കും യന്ത്രോപകരണങ്ങളും മറ്റും സ്വന്തമാക്കാൻ സബ്സിഡി നൽകുന്ന കേന്ദ്രാവിഷ്കൃത സ്മാം (സബ് മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ ) പദ്ധതിയുടെ സഹകരണത്തോടെയാണു പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ വഴി വളവും കീടനാശിനിയും പ്രയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.

ആയവന സിദ്ദൻപടിയിൽ മലേക്കുടി ജോർജ് ജേക്കബിന്റെ പൈനാപ്പിൾ തോട്ടത്തിലാണു ഡ്രോൺ വഴിയുള്ള വളമിടൽ പരീക്ഷണം നടക്കുക. പൈനാപ്പിൾ ചെടി വളരാൻ ആവശ്യമായ വളം വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്ന വളപ്രയോഗമാണ് ഡ്രോൺ ഉപയോഗിച്ച് ചെയ്യുക. ഒരേക്കർ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ചു ആകാശത്തു നിന്നുള്ള വളപ്രയോഗം 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷണം വിജയിച്ചാൽ സ്മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്കു 4 മുതൽ 5 ലക്ഷം രൂപ വരെ സബ്സിഡിയിൽ ലഭ്യമാക്കും. 

പൈനാപ്പിൾ തോട്ടങ്ങളിൽ വിവിധ ഘട്ടങ്ങളിൽ നടത്തുന്ന വള പ്രയോഗത്തിനും മറ്റുമായി അതിഥിത്തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്തും തിരഞ്ഞെടുപ്പു കാലത്തുമൊക്കെ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയപ്പോൾ ഹെക്ടർ കണക്കിനു തോട്ടങ്ങളിലെ പൈനാപ്പിൾ കൃഷിയാണ് വളപ്രയോഗം നടത്താനും വിളവെടുക്കാനും സാധിക്കാത്തതു മൂലം നശിച്ചു പോയത്. ഇതിന് ഒരു പരിധിവരെ ഡ്രോണുകളുടെ വരവ് പരിഹാരമാകും. ഒരേക്കർ പൈനാപ്പിൾ തോട്ടത്തിൽ ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്താൻ 700 രൂപയാണ് ചെലവു കണക്കാക്കുന്നത്. 8000 രൂപയിലേറെ പണിക്കൂലി വരാവുന്ന ജോലിയാണിത്.

കർഷകന് വലിയ സാമ്പത്തിക ലാഭവും സമയലാഭവും ഇതുണ്ടാക്കും. 10 മുതൽ 25 ലീറ്റർ വരെയാണ് ഇപ്പോൾ ലഭ്യമായ ഡ്രോണുകളുടെ സംഭരണശേഷി. ഒരേക്കറിൽ 100 മുതൽ 200 ലീറ്റർ വരെ സ്പ്രേ ചെയ്യും. കൃഷിയിടത്തിൽ നിന്നു അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ പറന്നാണു സ്പ്രേ ചെയ്യുന്നത്. അതിനാൽ വളം നഷ്ടമാകാതെ കൃത്യമായി ചെടികളിൽ എത്തുകയും ചെയ്യും. നെൽവയലുകളിൽ ഫലപ്രദമായി ഇതു ചെയ്തു വിജയിച്ചിട്ടുണ്ട്. ഇടവിളയായി റബർ കൃഷി ചെയ്തിട്ടുള്ള പൈനാപ്പിൾ തോട്ടങ്ങളിൽ ഡ്രോൺ പ്രായോഗികമല്ലെന്നാണു വിദഗ്ധർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com