ADVERTISEMENT

കൊച്ചി∙ കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചു വികൃതമാക്കിയതു സമാന കേസിൽ അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ സംഘമല്ലെന്നു പൊലീസ് കണ്ടെത്തി. മേയ് 26നാണു കൊച്ചി മെട്രോയുടെ കോച്ചിൽ ചിത്രം വരച്ചത്. എന്നാൽ, പിടിയിലായ ഇറ്റാലിയൻ സംഘം സെപ്റ്റംബർ 24നാണ് ആദ്യമായി ഇന്ത്യയിലെത്തിയതെന്ന കാര്യം ഇവരുടെ യാത്രാരേഖകളിൽ നിന്നു പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം അഹമ്മദാബാദിലേക്കു പോയ കൊച്ചി മെട്രോ ഇൻസ്പെക്ടർ കെ.എൻ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണു തിരിച്ചെത്തിയത്.

‘റെയിൽ ഗൂൺസ്’ എന്നറിയപ്പെടുന്ന ഗ്രാഫിറ്റി ആർടിസ്റ്റുകളുടെ നാലംഗ സംഘമാണ് അഹമ്മദാബാദിൽ പിടിയിലായത്. പ്രധാനമന്ത്രി മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനു തൊട്ടുമുൻപ് ഇവർ കോച്ചിൽ ഗ്രാഫിറ്റി വരച്ചു. ഈ കേസിൽ പിടിയിലായ സംഘത്തെ മുൻപു മുംബൈ മെട്രോ ഡിപ്പോയിൽ അതിക്രമിച്ചു കയറിയ കേസിൽ മുംബൈ പൊലീസും കസ്റ്റഡിയിലെടുത്തു. 

ചോദ്യം ചെയ്യലുമായി ഇറ്റലിക്കാർ കാര്യമായി സഹകരിച്ചില്ലെന്നു മെട്രോ പൊലീസ് പറഞ്ഞു. സന്ദർശിക്കുന്ന രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ പൊതുഗതാഗത സംവിധാനങ്ങളിൽ ഗ്രാഫിറ്റി വരയ്ക്കുന്ന രീതിയാണ് ഇവരുടേത്. എന്നാൽ, ഇന്ത്യയിൽ ഇതു കുറ്റകരമാണെന്ന് അറിയില്ലായിരുന്നു എന്ന മൊഴിയാണു നാലു പേരും പൊലീസിനു നൽകിയത്. ഒരു മാസത്തെ ട്രാവലിങ് വീസയിലാണ് ഇവർ രാജ്യത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com