ADVERTISEMENT

തൃപ്പൂണിത്തുറ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ വലിയവിളക്ക് ഇന്ന്. ക്ഷേത്രാങ്കണം ഇന്ന് ദീപങ്ങളാൽ പൊൻപ്രഭ ചൊരിയും. ദീപാരാധന സമയത്തു ചുറ്റുവിളക്കും തട്ടുവിളക്കും കിഴക്കേ ഗോപുരത്തിനു പുറത്തുള്ള വലിയ ദീപസ്തംഭവുമെല്ലാം പ്രകാശം ചൊരിയും.രാവിലെ പന്തീരടി പൂജ കഴിഞ്ഞ് 7.30നു ഭഗവാനെ ഉത്സവ ശീവേലിക്ക് എഴുന്നള്ളിക്കും.

15 ഗജവീരൻമാരോടൊപ്പം കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടിയാണു ശീവേലി നടക്കുക. തുടർന്നു ശ്രീഭൂതബലിയോടെ ആക്കിവേല നടക്കും. 9നു മുംബൈ സുന്ദര രാമൻ ഭാഗവതരുടെ സമ്പ്രദായ ഭജന. വൈകിട്ട് 5നു നെന്മാറ സഹോദരങ്ങളുടെ നാഗസ്വരം, ദീപാരാധനയ്ക്കു ശേഷം 7നു വിളക്കിനെഴുന്നള്ളിപ്പ്

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ അക്കരൈ സഹോദരിമാർ എന്നറിയപ്പെടുന്ന അക്കരൈ സുബ്ബലക്ഷ്മി, അക്കരൈ സ്വർണലത എന്നിവർ ചേർന്ന് അവതരിപ്പിച്ച വയലിൻ ദ്വയം. എൻ.സി. ഭരദ്വാജ് (മൃദംഗം), വാഴപ്പിള്ളി ആർ. കൃഷ്ണകുമാർ (ഘടം) എന്നിവർ സമീപം.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ അക്കരൈ സഹോദരിമാർ എന്നറിയപ്പെടുന്ന അക്കരൈ സുബ്ബലക്ഷ്മി, അക്കരൈ സ്വർണലത എന്നിവർ ചേർന്ന് അവതരിപ്പിച്ച വയലിൻ ദ്വയം. എൻ.സി. ഭരദ്വാജ് (മൃദംഗം), വാഴപ്പിള്ളി ആർ. കൃഷ്ണകുമാർ (ഘടം) എന്നിവർ സമീപം.

8നു കാണിക്കയിടൽ, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, പഞ്ചാരി മേളങ്ങളോടെയുള്ള വിളക്കിനെഴുന്നള്ളിപ്പ് പുലർച്ചെ 2 വരെ ഉണ്ടാകും. രാത്രി 8 മുതൽ 11 വരെ എഴുന്നള്ളിപ്പിനു മുന്നിൽ സ്വർണക്കുടത്തിൽ കാണിക്ക സമർപ്പിക്കാം. തുടർന്ന് അത്താഴ പൂജ, അത്താഴ ശീവേലി, ശ്രീഭൂതബലി എന്നിവയ്ക്കു ശേഷമാണു പള്ളിവേട്ട. തിരിച്ചെത്തുന്ന ഭഗവാനെ നമസ്കാര മണ്ഡപത്തിൽ പ്രത്യേകം ഒരുക്കിയ ശയ്യയിൽ  ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും.

തന്ത്രിയുടെ കാർമികത്വത്തിൽ പ്രത്യേകം പൂജയ്ക്കു ശേഷം ഭഗവാനെ പള്ളിനിദ്രയാക്കും. ചെറിയ വിളക്ക് ദിവസമായ ഇന്നലെ  പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, കലാമണ്ഡലം നിഖിൽ മലയാലപ്പുഴ, കലാമണ്ഡലം പാർവതിയമ്മ, രഞ്ജിത് തൃപ്പൂണിത്തുറ എന്നിവരുടെ ഓട്ടൻതുള്ളൽ, ഉത്സവബലി, അക്ഷരശ്ലോകസദസ്സ്, സാത്വിക ബാലസുന്ദറുടെ സംഗീതക്കച്ചേരി, ഭജന, നാഗസ്വരം, തുഷാർ മുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി, വിളക്കിനെഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, കാണിക്കയിടൽ, കൃതി ഭട്ടിന്റെ സംഗീതക്കച്ചേരി, നളചരിതം 3–ാം ദിവസം തുടങ്ങിയവ ഉണ്ടായിരുന്നു. 

തീവെട്ടിച്ചന്തത്തിൽ നിരക്കും, പതിനഞ്ചാന

 ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ മുഖ്യ ആകർഷണമാണ് 15 ആനകൾ നിരക്കുന്ന ശീവേലിയും രാത്രിയിലെ വിളക്കിനെഴുന്നള്ളിപ്പും. ആനപ്പന്തലിൽ ആനപ്പുറത്തു പട്ടുകുടയ്ക്കു പകരം തഴ പിടിക്കുന്നതും ഇവിടത്തെ  പ്രത്യേകതയാണ്. പകൽ വയലറ്റ് നിറമുള്ള തഴയും രാത്രി വെള്ളത്തഴയുമാണ് ഉപയോഗിക്കുന്നത്. വൃശ്ചികോത്സവം കറുത്തവാവിനെ ചുറ്റിപ്പറ്റി വരുന്നതിനാൽ രാത്രി ഈ വെളുത്ത തഴകൾക്ക് പ്രത്യേക ഭംഗിയാണ്. 

തീവെട്ടികളുടെ ദീപ്തിയിൽ ആനച്ചമയങ്ങളും കോലവും തിടമ്പും മിന്നിത്തിളങ്ങുന്ന കാഴ്ചച്ചന്തവുമുണ്ട്.ആനപ്പന്തലിൽ 15 ആനകൾ ഒരുമിച്ചു നിരക്കുമ്പോൾ  ആനപ്രേമികളുടെ ആവേശം ഇരട്ടിയാകും. ആനക്കൊട്ടിലിൽ നിന്നു മേളത്തിന്റെ അകമ്പടിയോടെ ആരവങ്ങൾക്കു നടുവിലൂടെ തലയുയർത്തി ചെവിയാട്ടി  ഗജവീരന്മാർ നടന്നുവരുന്നതും പ്രൗഢോജ്വലമായ കാഴ്ചയാണ്.15 ആനകൾ നിരക്കുന്ന കാഴ്ച കാണാൻ മാത്രം വിദേശികൾ ഉൾപ്പെടെ ഒട്ടേറെ ജനങ്ങളാണു ക്ഷേത്രത്തിലേക്കു വൃശ്ചികോത്സവത്തിന്റെ സമയത്ത് എത്തുന്നത്. വൃശ്ചികോത്സവത്തിലെ പ്രധാനപ്പെട്ട വഴിപാടും ആന എഴുന്നള്ളിപ്പാണ്.

പഞ്ചാരിമേളത്തോടെ  സമാപനം 

ആറാട്ടു ദിനം പുലർച്ചെ 6ന് പൂജകൾക്കു ശേഷം നട അടച്ച്, അടുത്ത ചടങ്ങുകൾ വൈകിട്ട് 3നു കാഴ്ചശീവേലിയോടെ തുടങ്ങും. 7നു തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയിറക്കി ഗജപൂജയ്ക്കു ശേഷം പടിഞ്ഞാറേ ഗോപുരത്തിലൂടെ ഇളയെടുത്തില്ലത്തേക്ക് പറയെടുപ്പിനെഴുന്നള്ളും.  തിരിച്ചെഴുന്നള്ളി ക്ഷേത്രത്തിലെത്തി മേജർ സെറ്റ് പഞ്ചവാദ്യം തുടങ്ങും.

ചോറ്റാനിക്കര വിജയൻ മാരാരുടെയും കുനിശ്ശേരി ചന്ദ്രന്റെയും പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അഞ്ചാനപ്പുറത്ത് ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെടും. ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ രാത്രി 11.30നാണ് ആറാട്ടു ചടങ്ങുകൾ. തിരിച്ചെഴുന്നള്ളിപ്പ് സ്റ്റാച്യു ജംക്‌ഷനിൽ എത്തുമ്പോൾ കാണിക്ക സമർപ്പണം നടക്കും.

തുടർന്ന് ചൊവ്വല്ലൂർ മോഹനൻ നായർ നയിക്കുന്ന പാണ്ടിമേളത്തോടെ ക്ഷേത്ര നടയിലേക്ക് എഴുന്നള്ളും. ക്ഷേത്രത്തിൽ പ്രവേശിച്ച് 3.30 മുതൽ കൊടിമരച്ചുവട്ടിൽ പറയെടുപ്പ് നടക്കും. 3.45ന് വൃശ്ചികോത്സവത്തിന്റെ അവസാന പഞ്ചാരിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പു നടത്തി വൃശ്ചികോത്സവം സമാപിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com