ADVERTISEMENT

കൊച്ചി ∙ കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്കു കുറഞ്ഞേക്കും. രാജ്യമാകെ മെട്രോ നിരക്കുകൾ ഏകീകരിക്കാനുള്ള കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണു തീരുമാനമെങ്കിലും, നിരക്കു കുറച്ചാലല്ലാതെ മുന്നോട്ടു കുതിക്കാനാവില്ലെന്ന അവസ്ഥയിലാണു കൊച്ചി മെട്രോ.

മാർച്ചിൽ നിരക്കു വ്യത്യാസം ഉണ്ടായേക്കും. ഡൽഹി മെട്രോയുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി മെട്രോയിൽ നിരക്കു കൂടുതലാണ്. നിരക്കു കുറയ്ക്കുന്നതു മെട്രോയുടെ കോർപറേറ്റ് മൂല്യം കുറയ്ക്കുമെന്നാണു ആദ്യം മുതലേ കെഎംആർഎൽ വാദിക്കുന്നത്. എന്നാൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ ടിക്കറ്റ് നിരക്കു കുറയ്ക്കുകയല്ലാതെ മറ്റ് വഴിയില്ല. ടിക്കറ്റ് നിരക്ക് എത്ര കുറയ്ക്കുമെന്നു വ്യക്തമല്ല.

നിലവിൽ മെട്രോ ടിക്കറ്റ് കാർഡ് ആയ കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും മെട്രോയുടെ വിവിധ സ്കീമുകളിലും ഇളവുകളുണ്ട്. എന്നാൽ കൗണ്ടർ ടിക്കറ്റിൽ ഇളവില്ല. ആലുവ മുതൽ പേട്ട വരെ 25 കിലോമീറ്റർ കമ്മിഷൻ ചെയ്തപ്പോൾ 60 രൂപയായിരുന്നു ചാർജ്. 2 കിലോമീറ്റർ അപ്പുറത്തേക്കു കൂടി സർവീസ് നീട്ടിയപ്പോഴും 60 രൂപ തുടർന്നു.

മെട്രോയിൽ വേണ്ടത്ര ആളില്ലെന്നു കണ്ടാണ് ഫ്രഞ്ച് വായ്പാ ഏജൻസിയായ എഎഫ്ഡി മെട്രോ രണ്ടാം ഘട്ട വായ്പയിൽ നിന്നു പിൻമാറിയത്. പ്രതിദിനം ഒരു ലക്ഷം യാത്രക്കാരായിട്ടു വേണം അടുത്ത ധനകാര്യ സ്ഥാപനവുമായി വായ്പാ ചർച്ച തുടങ്ങാൻ. നിലവിൽ 70000 പ്രതിദിന യാത്രക്കാരാണുള്ളത്. 

മെട്രോയിൽ ദിവസ വേതനക്കാരെയോ, ഇതര സംസ്ഥാന തൊഴിലാളികളെയോ സ്ഥിരം യാത്രക്കാരാക്കാൻ കെഎംആർഎല്ലിനു കഴിഞ്ഞിട്ടില്ല. സ്വകാര്യ വാഹനങ്ങളിൽ നിന്ന് ആളുകൾ മെട്രോയിലേക്കു മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും ബസ് യാത്രക്കാർ മാത്രമാണു മെട്രോയിലേക്കു മാറിയത്. 

വിദ്യാർഥികൾക്കു പ്രത്യേക പ്ലാൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു വലിയ തമാശയാണ്. ദിവസം പലവട്ടം യാത്ര ചെയ്താൽ മാത്രമാണു വിദ്യാർഥി പ്ലാനിൽ എന്തെങ്കിലും ആനുകൂല്യത്തിന് വകുപ്പുള്ളു. ഇതെല്ലാം പരിഗണിച്ചാണു ചാർജ് കുറയ്ക്കുന്നതിനെക്കുറിച്ച് ഗൗരവമായി കെഎംആർഎൽ ആലോചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com