ADVERTISEMENT

കൊച്ചി∙ ചരക്കു സേവന നികുതി തട്ടിപ്പിനു വ്യാപാരികളെ പ്രേരിപ്പിക്കുകയും വ്യാജബില്ലുകൾ നിർമിച്ചു നൽകി വൻതുക കമ്മിഷൻ വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നതായി ജിഎസ്ടി വകുപ്പിനു വിവരം ലഭിച്ചു. ഉപഭോക്താവിനു വേണ്ടി വിതരണക്കാരൻ മുൻകൂട്ടി അടയ്ക്കുന്ന ജിഎസ്ടി തുക വിൽപന പൂർത്തിയാക്കിയ ശേഷം തിരിച്ചു വാങ്ങുന്ന (ഇൻപുട് ടാക്സ് ക്രെഡിറ്റ്) സംവിധാനത്തെ ദുരുപയോഗിച്ചാണു കേരളത്തിലെ റാക്കറ്റ് വൻതോതിൽ തട്ടിപ്പു നടത്തുന്നത്.

ഇൻവോയ്സും ബില്ലും വ്യാജമായി നിർമിച്ചു തട്ടിപ്പു നടത്തിയവരെ കേന്ദ്രീകരിച്ചു സംസ്ഥാന ജിഎസ്ടി വകുപ്പു നടത്തിയ അന്വേഷണത്തിലാണു റാക്കറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്. പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ തട്ടിപ്പിനു വ്യാപകമായി ദുരുപയോഗിച്ചതായും കണ്ടെത്തി. പെരുമ്പാവൂരിലെ ആക്രി വ്യാപാരത്തിന്റെ മറവിൽ 125 കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമിച്ചു 12 കോടിരൂപയുടെ തട്ടിപ്പാണു നടത്തിയത്. പാലക്കാട് കേന്ദ്രീകരിച്ച് അടയ്ക്ക വ്യാപാരത്തിലും സമാനമായ തട്ടിപ്പു നേരത്തെ കണ്ടെത്തിയിരുന്നു. എണ്ണയിൽ വറുത്ത പലഹാരങ്ങളുടെ ബിസിനസിലും ജിഎസ്ടി തട്ടിപ്പു കണ്ടെത്തി കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റിന്റെ കണ്ണികളെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടി ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 17,262 നികുതി വെട്ടിപ്പു കേസുകൾ പിടികൂടിയപ്പോഴാണ് 79.48 കോടി രൂപ സർക്കാരിനു ലഭിച്ചത്. എന്നാൽ ഈ വർഷം ഒരു കേസിൽ തന്നെ 12 കോടിരൂപയുടെ തട്ടിപ്പാണു കണ്ടെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com