ADVERTISEMENT

കൊച്ചി ∙ ‘അറിയില്ല, കുറച്ചു ദിവസമായില്ലേ, ഇനി കിട്ടുമോയന്നറിയില്ല’. തെല്ലു നിരാശയിലാണു പവേൽ സമിത് എന്ന പ്ലസ് വൺ വിദ്യാർഥി പറഞ്ഞത്. മോഷണം പോയതു വെറുമൊരു ഗിയർ സൈക്കിളല്ല, വിലപ്പെട്ടൊരു ജന്മദിന സമ്മാനം കൂടിയായിരുന്നു, പവേലിന്. ഒരാഴ്ച മുൻപു മോഷണം പോയ സൈക്കിൾ എടുത്തത് ആരായാലും തിരിച്ചു തരണമെന്ന് അഭ്യർഥിച്ചു കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപം പോസ്റ്റർ പതിച്ചു കൊച്ചു മിടുക്കൻ. പവേലിന്റെ സൈക്കിൾ കലൂർ സ്റ്റേഡിയം മെട്രോ പരിസരത്തു നിന്നു കാണാതായത് 22ന്. പിറ്റേന്നു പവേൽ തന്നെ എഴുതി വച്ചതാണു കത്ത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.

കത്തിൽ പവേൽ എഴുതിയത് ഇങ്ങനെ: ‘ഞാൻ പവേൽ സമിത്. തേവര എസ്എച്ച് സ്കൂളിൽ പഠിക്കുന്നു. രാവിലെ സൈക്കിൾ ഇവിടെ വച്ചിട്ടാണു സ്കൂളിൽ പോയത്. എന്നാൽ, ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാടു മോഹിച്ചു വാങ്ങിയതാണ്. എടുത്തവർ തിരിച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു.’’ ഫോൺ നമ്പർ സഹിതമുള്ള അഭ്യർഥനയ്ക്കു പക്ഷേ, ഇതുവരെ പ്രതികരണം ഉണ്ടായില്ല. ‘സ്കൂളിൽ പോകുമ്പോൾ സൈക്കിൾ മെട്രോ സ്റ്റേഷന്റെ അരികിൽ വച്ചിട്ടു പോകും. ട്യൂഷൻ കഴിഞ്ഞു രാത്രി തിരിച്ചുവരാനുള്ള സൗകര്യത്തിനാണ് അവിടെ വയ്ക്കുന്നത്.

കൊച്ചി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ പരിസരത്തു നിന്നു മോഷണം പോയ സൈക്കിൾ തിരികെ തരണമെന്ന് അഭ്യർഥിച്ചു തേവര എസ്എച്ച് സ്കൂൾ വിദ്യാർഥി പവേൽ സമിത് എഴുതി സ്ഥാപിച്ച നോട്ടിസ്.

4 മാസമായി അതാണു പതിവ്. ലോക്ക് പൊട്ടിച്ചാണു സൈക്കിൾ കൊണ്ടുപോയത്. അവനു വലിയ ഇഷ്മായിരുന്നു സൈക്കിൾ. 2020 ൽ ജന്മദിന സമ്മാനമായി വാങ്ങിക്കൊടുത്തതാണ്’. അമ്മ സിനിയുടെ വാക്കുകൾ. ബിസിനസുകാരനായ കെ.ആർ.സുധീന്ദ്രൻ – സിനി ദമ്പതികളുടെ മൂത്ത മകനാണു പവേൽ. അനുജത്തി പായൽ 8–ാം ക്ലാസ് വിദ്യാർഥി. പവേലിനു സൈക്കിൾ തിരിച്ചു കിട്ടിയില്ലെങ്കിൽ പുതിയതു വാങ്ങി നൽകാൻ തയാറാണെന്നു കായിക താരങ്ങളുടെ സംഘടനയായ അത്‌ലീറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വ) കോതമംഗലം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com