വൈദ്യുതവേലി തകർത്ത് കാട്ടാനക്കൂട്ടം; ചിന്നം വിളിച്ച് ആശങ്ക

Mail This Article
അയ്യമ്പുഴ ∙ വനാതിർത്തിയിൽ കുന്തിരി ഭാഗത്ത് കാട്ടാനകൾ പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിൽ കയറുന്നത് തടയാൻ നിർമിച്ച വൈദ്യുതവേലി കാട്ടാനക്കൂട്ടം തകർത്തു. വൈദ്യുതക്കമ്പി വലിച്ചുകെട്ടിയിരുന്ന മരം തള്ളി ചരിച്ചപ്പോൾ കമ്പികൾ അയഞ്ഞ ഭാഗത്തുകൂടി കാട്ടാനകൾ കടന്നു. മരങ്ങൾ മറിച്ചിട്ട് വൈദ്യുത വേലിയുടെ കമ്പികൾ തകർക്കാറുണ്ട്. മുൻപൊരിക്കൽ വൈദ്യുത വേലിയുടെ ബാറ്ററി യൂണിറ്റ് സൂക്ഷിച്ച ഷെഡ് ആക്രമിച്ച് ബാറ്ററി തകർത്ത സംഭവവും ഉണ്ടായിട്ടുണ്ട്.
കല്ലാല എസ്റ്റേറ്റ് ആറാം ബ്ലോക്കിൽ തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കു സമീപം കാട്ടാനകളുടെ ശല്യമുണ്ട്. തൊഴിലാളികൾ നട്ട വാഴ ഉൾപ്പെടെയുള്ള കൃഷി കാട്ടാനകൾ നശിപ്പിക്കുന്നുണ്ട്. രാത്രിയായാൽ തൊഴിലാളികൾക്ക് ക്വാർട്ടേഴ്സിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. പകൽസമയത്തും കാട്ടാനകളുടെ ശല്യമുള്ള പ്ലാന്റേഷൻ റോഡിൽ രാത്രികാലങ്ങളിൽ കാട്ടാനകള്‍ കൂട്ടത്തോടെ എത്തുകയാണ്. കല്ലാല എട്ടാം ബ്ലോക്കിലും അതിരപ്പിള്ളി പതിനാറാം ബ്ലോക്കിലുമുള്ള പാൽ പുരകൾ കുറച്ചുദിവസങ്ങൾക്കു മുൻപ് കാട്ടാനകൾ ആക്രമിച്ചിരുന്നു.പാൽപുര വളഞ്ഞ കാട്ടാനകളിൽ നിന്ന് തൊഴിലാളികൾ അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.