ADVERTISEMENT

കാക്കനാട്∙ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കു കലക്ടർ ഡോ. രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നൽകി. 2012നു മുൻപ് ആന എഴുന്നള്ളിപ്പുണ്ടായിരുന്ന ക്ഷേത്രങ്ങൾക്കു മാത്രമേ തുടർന്നും എഴുന്നള്ളിപ്പിന് അനുമതി ലഭിക്കുകയുള്ളൂ. എഴുന്നള്ളിപ്പിന് ആവശ്യമായ സ്ഥലസൗകര്യം ഉണ്ടാകണം. 15 ആനകളിൽ കൂടുതൽ എഴുന്നള്ളിക്കാൻ പൊലീസിന്റെ അനുമതി വേണം. എഴുന്നള്ളിക്കുന്ന ആനകളും കാണികളും തമ്മിൽ കുറഞ്ഞത് 3 മീറ്ററെങ്കിലും അകലം വേണം. പകൽ 10 മുതൽ വൈകിട്ടു 4 വരെ തുറസ്സായ സ്ഥലത്ത് ആനകളെ എഴുന്നള്ളിക്കരുത്. 

രാവിലെ 10നു ശേഷം എഴുന്നള്ളിപ്പു നീണ്ടാൽ പന്തൽ ഒരുക്കണം. ഉൽസവപ്പറമ്പുകളിൽ ആനകളുടെ ശ്രദ്ധ തിരിക്കുംവിധമുള്ള ലേസർ വിളക്കുകൾ ഉപയോഗിക്കരുത്. ആനകളെ പരിപാലിക്കുന്ന സമയത്തു മദ്യപിച്ചതായി തെളിഞ്ഞാൽ പാപ്പാൻമാർക്കെതിരെ നടപടിയുണ്ടാകും. സംശയമുള്ള പാപ്പാൻമാരെ ബ്രെത്ത്‌ലൈസർ ഉപയോഗിച്ചു പരിശോധിക്കും. ആനകൾക്കു ഭക്ഷണവും വിശ്രമവും ഉറപ്പാക്കണം. വലിയ എഴുന്നള്ളിപ്പുകൾക്കു മുൻപ് ആനകളെ സംബന്ധിച്ച വിശദാംശങ്ങൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണം.

ആചാരത്തിന്റെ ഭാഗമായല്ലാതെ ആനകൾക്കു സ്വീകരണം നൽകരുത്. പരുക്കുള്ള ആനകളെ എഴുന്നള്ളിക്കരുത്. ജില്ലയിൽ എഴുന്നള്ളിപ്പിനു പറ്റിയ 8 ആനകളേയുള്ളൂവെന്നും ശേഷിക്കുന്നവയെ ഇതര ജില്ലകളിൽ നിന്നുകൊണ്ടുവരികയാണെന്നും ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു. ജില്ലയിൽ ഒരു വർഷത്തിനിടെ 2 നാട്ടാനകൾ ചരിഞ്ഞു. ആനകളെ എഴുന്നള്ളിക്കുന്നതിലെ നിബന്ധനകൾ ലംഘിച്ചതിനു കഴിഞ്ഞ വർഷം ജില്ലയിൽ 2 ക്ഷേത്രങ്ങൾക്കെതിരെ കേസെടുത്തു. 

800 ഉത്സവങ്ങൾക്കാണു ജില്ലയിൽ റജിസ്ട്രേഷനുള്ളതെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. അഡീഷനൽ ജില്ലാ മജിസ്ടേട്ട് എസ്. ഷാജഹാൻ, ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ. ജയമാധവൻ, ഫേറ്റസ്റ്റ് റേഞ്ച് ഓഫിസർ ടി.എ. റഷീദ്, ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. പി.എം. രജന, കേരള ആന ഉടമ ഫെഡറേഷൻ സെക്രട്ടറി എം. ബാലചന്ദ്ര മേനോൻ, ആന തൊഴിലാളി യൂണിയൻ സെക്രട്ടറി മനോജ് അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com