ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ അടിച്ചു തകർത്തു; തകർന്നത് ശക്തിവേലിന്റെ സ്വപ്നം

HIGHLIGHTS
  • അക്രമി ആവശ്യപ്പെട്ട 200 രൂപ നൽകാതിരുന്നതോടെ ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു
ആലുവ ഗാരിജിനു സമീപം ശക്തി ഫുഡ്സ് എന്ന ഹോട്ടൽ തല്ലിത്തകർത്ത നിലയിൽ.
SHARE

ആലുവ∙ ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ അടിച്ചു തകർത്തു. ദേശീയപാതയിൽ കെഎസ്ആർടിസി ഗാരിജിന് എതിർവശത്തെ ശക്തി ഫുഡ്സ് എന്ന ഹോട്ടലാണു തല്ലിത്തകർത്തത്. രാത്രി ഒന്നിന് ഇവിടെ എത്തിയ ഒരാൾ കടയുടമ തമിഴ്നാട് സ്വദേശി ശക്തിവേലിനോട് 200 രൂപ ആവശ്യപ്പെട്ടു. പരിചയമില്ലാത്തവർക്കു പണം നൽകാനാവില്ലെന്നു പറഞ്ഞപ്പോൾ കയ്യേറ്റത്തിനൊരുങ്ങി.  ഒടുവിൽ മൊബൈൽ ഫോൺ നമ്പർ തന്നാൽ പണം നൽകാമെന്നു ശക്തിവേൽ സമ്മതിച്ചു.

കുപിതനായ അക്രമി കടയിലെ കറിപ്പാത്രങ്ങളും മറ്റും എടുത്തെറിഞ്ഞു. ഭയപ്പെട്ട ശക്തിവേൽ കടയടച്ചു മടങ്ങി. 2 മണിക്കൂർ കഴിഞ്ഞ് അക്രമി തിരിച്ചെത്തി ഹോട്ടലിനുള്ളിൽ അതിക്രമിച്ചു കയറിയാണു ഫർണിച്ചർ അടക്കമുള്ള സാധനങ്ങൾ തല്ലിത്തകർത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.   ഇൻസ്പെക്ടർ എൽ. അനിൽകുമാർ എത്തി അന്വേഷണം നടത്തി. 3 മാസം മുൻപ് ഇതിനടുത്തു മറ്റൊരു ഹോട്ടലിലും സമാനമായ ആക്രമണം നടന്നിരുന്നു. ഭക്ഷണം വാങ്ങിയതിന്റെ പണം ചോദിച്ചതിനാണ് അന്നു ഹോട്ടൽ തകർക്കുകയും ഉടമയെ മർദിക്കുകയും ചെയ്തത്. സംഭവത്തിൽ 4 പേരെ പൊലീസ് പിടികൂടിയിരുന്നു.

തകർന്നത് ശക്തിവേലിന്റെ സ്വപ്നം

ശക്തിവേൽ.

ആലുവ∙ പതിനാറാമത്തെ വയസ്സിൽ തമിഴ്നാട്ടിൽ നിന്നു പിതാവ് തലയമൂർത്തിക്കൊപ്പം ആലുവയിൽ ഇഷ്ടികക്കളത്തിൽ പണിക്കെത്തിയ ശക്തിവേൽ (42) കഠിനാധ്വാനം കൊണ്ടു പടുത്തുയർത്തിയതാണു ഗുണ്ടാ ആക്രമണത്തിന് ഇരയായ ശക്തി ഫുഡ്സ് എന്ന ഹോട്ടൽ.  കാസിനോ തിയറ്ററിന്റെ പിൻഭാഗത്തുള്ള ഇഷ്ടികക്കളത്തിൽ ആയിരുന്നു ശക്തിവേലിനു ജോലി.

പകൽ ജോലി കഴിഞ്ഞു രാത്രി സൗത്ത് കളമശേരിയിലെ ഹോട്ടലിൽ പാത്രം കഴുകാൻ പോകുമായിരുന്നു. പിന്നീട് അവിടെ പൊറോട്ട മാസ്റ്ററായി. ഇതിനിടെ ഗൾഫിൽ ജോലി വാഗ്ദാനം ലഭിച്ചു. അതിനു വേണ്ടി  ഒന്നര വർഷത്തെ പ്രഫഷനൽ കുക്കറി ഡിപ്ലോമ കോഴ്സിനു ചേർന്നു. ഡിപ്ലോമ പാസായി കഴിഞ്ഞപ്പോൾ സ്വന്തം ഹോട്ടൽ എന്ന ആഗ്രഹം ഉദിക്കുകയായിരുന്നു. 12 വർഷമായി കെഎസ്ആർടിസി ഗാരിജിനു സമീപം ശക്തി ഫുഡ്സ് നടത്തുകയാണു ശക്തിവേൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS