ADVERTISEMENT

അങ്കമാലി ∙ അങ്കമാലി-കുണ്ടന്നൂർ ബൈപാസിന് കേന്ദ്രാനുമതി ലഭിച്ചു. പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്ത ബൈപാസിനു ദേശീയപാത അതോറിറ്റിയുടെതാണ് അംഗീകാരം. ദേശീയപാത 66 ൽ ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യമിട്ടു കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിക്കു കീഴിലുള്ള ഗ്രീൻഫീൽഡ് പാതയായാണു ബൈപാസ് നിർമിക്കുന്നത്.

ദേശീയ പാത 544നു തുടർച്ചയെന്ന രീതിയിൽ ആരംഭിക്കുന്ന ബൈപാസ് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെയാണു വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലെ ദേശീയ പാതയിൽ നിന്ന് 10 കിലോമീറ്ററിന് ഉള്ളിലൂടെ 17 വില്ലേജുകളിലൂടെ ബൈപാസ് കടന്നുപോകും. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ബൈപാസിന്റെ പ്രാഥമിക അലൈൻമെന്റ് തയാറാക്കി.

വിവരങ്ങൾ റവന്യു വകുപ്പിനു കൈമാറിയ ശേഷം സർവേ നമ്പറുകൾ പരിശോധിച്ച്  3എ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു ദേശീയപാത 66 സ്പെഷൽ ഡപ്യൂട്ടി കലക്ടർ പത്മചന്ദ്ര കുറുപ്പ് പറഞ്ഞു. 50 കിലോമീറ്ററാണു ദേശീയ പാതയുടെ പ്രതീക്ഷിക്കുന്ന നീളം.ദേശീയപാതയിൽ അങ്കമാലി കരയാംപറമ്പിൽ നിന്നു കുണ്ടന്നൂർ ബൈപാസ് ആരംഭിക്കുന്ന തരത്തിലാണു നിലവിലുള്ള സർവേകൾ നടന്നത്.

കരയാംപറമ്പ് ഭാഗത്തു സർവേ നടത്തിയിരുന്നു. കരയാംപറമ്പിൽ നിന്നു മുല്ലശേരി തോടിനു സമീപത്തു കൂടിയാണു സർവേ നടന്നത്. വേങ്ങൂർ തോടിനും എംസി റോഡിനു സമീപത്തും സർവേ നടത്തിയിട്ടുണ്ട്. സർവേ നടപടികൾ ഊർജിതമായി നടക്കവേ പെട്ടെന്നു നിർത്തുകയായിരുന്നു.

ബൈപാസ് വന്നാൽ ദേശീയപാതയിൽ നിന്ന് എംസി റോഡിലേക്കു വരുന്ന വാഹനങ്ങളെയും തിരികെയുമുള്ള വാഹനങ്ങളെ പ്രത്യേകിച്ചു ചരക്കുലോറികളെ ഈ ബൈപാസിലൂടെ വിടാനാകും. അങ്കമാലി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com