കളമശേരി ∙ ടിവിഎസ് ജംക്‌ഷനിൽ ഇടതുവശം ചേർന്നു പോയാൽ വാഹനങ്ങൾ അപകടത്തിൽ പെടുമെന്ന് ഉറപ്പ്. എച്ച്എംടി ജംക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ഫ്രീലെഫ്റ്റിന് ഒട്ടും സൗകര്യമില്ലെന്നിരിക്കെ റോഡിന്റെ തകർച്ചയും കുഴികളും വാഹനങ്ങൾക്കു ഭീഷണിയാണ്. മഴയത്ത് വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശമായതിനാൽ അറിയാതെ കുഴികളിൽ വീഴുന്ന വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്.
കുഴികൾ നികത്തി റോഡിനു വീതികൂട്ടിയാൽ ദേശീയപാതയിലേക്കു വാഹനങ്ങൾക്കു സുഗമമായി പ്രവേശിക്കാൻ കഴിയും.റോഡിന്റെ തകർച്ച പലവട്ടം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികളില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഇവിടത്തെ കാനയും മലിനജലം കെട്ടിക്കിടന്നു ബുദ്ധിമുട്ടുണ്ടാക്കുന്നു.സൗത്ത് കളമശേരിയിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശിക്കുന്ന വാഹനങ്ങൾക്കും ജംക്‌ഷനിലെ കുഴികൾ യാത്രാ തടസ്സം ഉണ്ടാക്കുന്നുണ്ട്.