ADVERTISEMENT

പെരുമ്പാവൂർ  ∙ വല്ലം കടവ് പാറപ്പുറം പാലത്തിന്റെ  നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം. സ്ഥലം ഉടമകളുടെ ഭൂമി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. നിർത്തിവച്ച നിർമാണം  പുനരാരംഭിക്കാൻ തത്വത്തിൽ ധാരണയായി. എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവരുടെ  നേതൃത്വത്തിൽ നടന്ന യോഗത്തിലാണു തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി 23നകം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ  സർവേ  പൂർത്തിയാക്കും. അനുബന്ധ റോഡ് നിർമാണവുമായി  ബന്ധപ്പെട്ടു പരാതികൾ ഉയർന്നതിനാലാണു  യോഗം വിളിച്ചത്. 

പെരുമ്പാവൂർ മണ്ഡലത്തിലെ വല്ലത്തെയും ആലുവ നിയോജകമണ്ഡലത്തിലെ പാറപ്പുറത്തെയും ബന്ധിപ്പിച്ചു നിർമിക്കുന്നതാണു പാലം. 2016 ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പാലത്തിന്റെ നിർമാണം മാർച്ചിൽ പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത്. പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പ്രധാനമായും അവശേഷിക്കുന്നത്. ഇരു കരകളിലും അപ്രോച്ച് റോഡുകളുണ്ട്. കാലടി പാലത്തിനു സമാന്തരമായി ഉപയോഗിക്കാവുന്ന പാലമാണിത്. 2016 ഡിസംബർ 2നാണ്  പാലത്തിന്റെ  നിർമാണം തുടങ്ങിയത്.  കരാർ അനുസരിച്ചു 2018 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു.  22.22 കോടി രൂപയുടേതാണു പദ്ധതി.

ഇതിൽ 12.89 കോടി രൂപയുടെ പ്രവൃത്തികൾ  പൂർത്തിയായപ്പോഴാണു നിർമാണം നിലച്ചത്. 288 മീറ്ററാണു പാലത്തിന്റെ  ആകെ നീളം. 14 മീറ്ററാണ് വീതി. ഇതിൽ 3.25 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുണ്ടാകും.നഗരസഭ ഉപാധ്യക്ഷ  ബീവി അബൂബക്കർ, ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.കെ സിന്ധു , പഞ്ചായത്ത് അംഗങ്ങളായ എൻ.ഒ സൈജൻ,  മുഹമ്മദ് ഷിയാസ്, വാർഡ് കൗൺസിലർ ലിസ ഐസക്, ഡപ്യൂട്ടി കലക്ടർ ഉഷ ശ്യാം നായർ, തഹസിൽദാർമാരായ ജോർജ് ജോസഫ്, ബേസിൽ കുരുവിള, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.പി.മായ,  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജെ. സജിന,  മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ സി.പി വിൽസൺ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com