ADVERTISEMENT

കാക്കനാട്∙ വെയിലിനു ചൂടു കൂടിയതോടെ ‘നാട്ടു തീ’ ഭീതി വ്യാപകം. വഴിയരികിലെയും ഒഴിഞ്ഞ പറമ്പുകളിലെയും മാലിന്യക്കൂമ്പാരവും ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളുമാണു കത്തിയമരുന്നത്.മിക്കവാറും ദിവസങ്ങളിൽ ഇത്തരം തീ പിടിത്തത്തിന്റെ കോൾ കിട്ടുന്നുണ്ടെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു. ഇൻഫോപാർക്ക് റോഡിലെ ഐഎംജി ജംക‍്ഷനിൽ റോഡരികിലെ ഒഴിഞ്ഞ പറമ്പിലെ മാലിന്യക്കൂമ്പാരത്തിൽ ഇന്നലെ ഉച്ചയ്ക്കു തീ പടർന്നതു പരിഭ്രാന്തി സൃഷ്ടിച്ചു.

വൈകിട്ട് തൃക്കാക്കര സഹകരണ ആശുപത്രി പരിസരത്തെ ഒഴിഞ്ഞ പറമ്പിലും അഗ്നിബാധയുണ്ടായി. ഐഎംജി ജംക‍്ഷനിൽ 3 മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് അഗ്നിരക്ഷാ സേന തീയണച്ചത്. ഇവിടത്തെ ട്രാൻസ്ഫോമറിനു ചുറ്റും പുല്ലു കത്തിയമർന്നു. വൈദ്യുതി ലൈൻ ഓഫാക്കിയതിനാലും ട്രാൻസ്ഫോമറിലേക്കു തീ പടരാതിരുന്നതിനാലും കൂടുതൽ അപകടം ഒഴിവായി. തീ പിടിച്ച മാലിന്യക്കൂനയിൽ കൂടുതലും പ്ലാസ്റ്റിക്കായിരുന്നതിനാൽ തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്കു ശ്വാസ തടസ്സം അനുഭവപ്പെട്ടു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജീവൻ ഐസക്, ഫയർ ഓഫിസർമാരായ എസ്.ദീപു, ഡി.മനു, കെ.ഡി.അജിതാഭ്, പി.ആർ.ബാബു, ഹോം ഗാർഡ് ഷാജൻ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു തീയണച്ചത്. വാർഡ് കൗൺസിലർ വി.ഡി.സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാരും സേവനത്തിനുണ്ടായിരുന്നു.

ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലോട്ടിൽ മാസങ്ങളായി മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു. രാത്രി ആളുകൾ കൊണ്ടുവന്നു തള്ളുന്നതാണ് ഇവിടത്തെ മാലിന്യം. ഇത്തരം മാലിന്യക്കൂനകളുമുള്ള സ്ഥലങ്ങൾ ഇനിയുമുണ്ട്. ഇൻഫോപാർക്ക് രണ്ടാംഘട്ടം പദ്ധതി പ്രദേശത്തോടു ചേർന്ന ഒഴിഞ്ഞ പ്രദേശത്തെ പുല്ലിനു കഴിഞ്ഞയാഴ്ച തീ പിടിച്ചതും ഭീതി സൃഷ്ടിച്ചിരുന്നു. വൻ പദ്ധതി പ്രദേശങ്ങൾ മുതൽ സ്വകാര്യ പ്ലോട്ടുകളിൽ വരെ ഉണങ്ങി നിൽക്കുന്ന പുല്ലിനു തീ പിടിക്കുന്നുണ്ട്. കൊച്ചി നഗരത്തെ അപേക്ഷിച്ച് ഒഴിഞ്ഞു കിടക്കുന്ന പ്ലോട്ടുകളും ഉണങ്ങിക്കിടക്കുന്ന പാടശേഖരങ്ങളും ഏറെയുള്ള കാക്കനാട്ടാണ് നാട്ടു തീ ഭീതി കൂടുതൽ.

സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലുണ്ടാകുന്ന നാട്ടു തീയാണ് ഇത്തവണ നേരത്തെ എത്തിയത്. വെയിലിന് ഇനിയും കാഠിന്യമേറുന്നതോടെ ഇത്തരം തീ പിടിത്തം കൂടുമെന്നാണ് ആശങ്ക.പൊതുനിരത്തുകളിൽ വളർന്നു നിൽക്കുന്ന പുല്ലും കുറ്റിച്ചെടികളും വെട്ടിമാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് അഗ്നിരക്ഷാ സേന നിർദേശിച്ചു. 

സ്വകാര്യ പ്ലോട്ടുകളിലെ ഇത്തരം അപകടാവസ്ഥ ഇല്ലാതാക്കാൻ ഉടമകളും ജാഗ്രത പുലർത്തണം. ഒട്ടേറെ പ്രധാന സ്ഥാപനങ്ങളും ഐടി മേഖലയും സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ ഫ്ലാറ്റുകളും സ്ഥിതി ചെയ്യുന്ന കാക്കനാട്ടെ ചില ഇടറോഡുകളിൽ ഫയർ എൻജിൻ കടന്നു ചെല്ലാനാകില്ല. ഇലക്ട്രിക് പോസ്റ്റുകളും കേബിളുകളുമാണ് ഇടറോഡുകളിൽ പ്രധാനമായും കുരുക്കുണ്ടാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com