കളമശേരി ∙ മെഡിക്കൽ കോളജിനു സമീപം സ്വകാര്യ ഗോഡൗണിൽ ലിഫ്റ്റ് പൊട്ടിവീണ് യുവതിയടക്കം 5 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ കളമശേരി പുളിക്കൽ വീട്ടിൽ ശ്രുതി (23), അതിഥിത്തൊഴിലാളികളായ വിനോദ് (30), ജുലൻകുമാർ (35), തിമൻ പസ്വാൻ (30), സിപായ (21) എന്നിവരെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 3മണിക്കായിരുന്നു അപകടം. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സംഭരിക്കുന്ന ഗോഡൗണിൽ ലോറിയിൽ കയറ്റുന്നതിനു രണ്ടാംനിലയിൽ നിന്നു സാധനങ്ങൾ താഴോട്ടിറക്കുമ്പോൾ റോപ് തെന്നിമാറി ലിഫ്റ്റ് നിയന്ത്രണം വിട്ടു താഴോട്ടു പതിക്കുകയായിരുന്നുവെന്നു തൊഴിലാളികൾ പറഞ്ഞു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു