ADVERTISEMENT

കൊച്ചി ∙ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഉപയോഗിക്കാനായി വാങ്ങുന്ന വാഹനങ്ങൾക്ക് നൽകുന്ന നികുതിയിളവ് മാനസിക വെല്ലുവിളി നേരിടുന്നവർക്കായി വാങ്ങുന്ന വാഹനങ്ങൾക്കും ഹൈക്കോടതി ബാധകമാക്കി. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് 1998 ഏപ്രിൽ ഒന്നു മുതൽ നൽകിയിരുന്ന നികുതിയിളവ് മാനസിക വെല്ലുവിളി നേരിടുന്നവർക്കും മുൻകാല പ്രാബല്യത്തോടെ ബാധകമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്.

 മാനസിക വെല്ലുവിളി നേരിടുന്നവരെ നികുതിയിളവിന്റെ കാര്യത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയത് വിവേചനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മാനസിക വെല്ലുവിളി നേരിടുന്ന മകനു വേണ്ടി വാങ്ങിയ വാഹനത്തിന് മോട്ടർ വാഹന വകുപ്പ് നികുതിയിളവു നിഷേധിച്ചതിനെതിരെ മാനന്തവാടി സ്വദേശിനിയായ അമ്മ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 

മാനസിക വെല്ലുവിളി നേരിടുന്നവർ 2022 മാർച്ച് ഒന്നിനോ ശേഷമോ വാങ്ങിയ 7 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് നികുതിയിളവു നൽകുന്നുണ്ടെന്നും ഇതിനു മുൻപു വാങ്ങിയ വാഹനങ്ങൾക്കാണ് ഇളവു നൽകാത്തതെന്നും സർക്കാർ വിശദീകരിച്ചു. തുടർന്ന് മാനസികവെല്ലുവിളി നേരിടുന്നവരുടെ ഉപയോഗത്തിനായി 1998 ഏപ്രിൽ ഒന്നിനും 2022 മാർച്ച് ഒന്നിനും ഇടയിൽ അവരുടെ പേരിൽ വാങ്ങിയ വാഹനത്തിന്റെ നികുതിയിളവിനായി ആരെങ്കിലും അപേക്ഷ നൽകിയാൽ തുക തിരികെ നൽകണമെന്നു കോടതി നിർദേശിച്ചു.

ഹർജിക്കാരിയുടെ കാര്യത്തിൽ വാഹനത്തിന് നികുതിയായി ഈടാക്കിയ 40,570 രൂപ മൂന്നു മാസത്തിനുള്ളിൽ മടക്കി നൽകണമെന്നും കോടതി നിർദേശിച്ചു. 1998 ഏപ്രിലിലെ ഉത്തരവ് മാനസിക വെല്ലുവിളി നേരിടുന്നവർക്കും ബാധകമാക്കിയതിനാൽ പുതിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ നിയമനിർമാണ സഭയുടെ ഗൗരവമായ പരിഗണന ആവശ്യമുണ്ടെന്നു ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിരുന്നു. 

 ശാരീരിക വെല്ലുവിളി നേരിടുന്നവരിൽനിന്നു വ്യത്യസ്തരാണ് മാനസിക വെല്ലുവിളി നേരിടുന്നവർ. വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും നിയമം ഭേദഗതി ചെയ്യാതെ കേസിലെ ആവശ്യം പരിഗണിക്കണിക്കാനാവില്ലെന്നും അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിലും മറ്റും കൊണ്ടുപോകേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളിൽ വാഹനം ഒരു സ്വപ്നമായിരിക്കുമെന്നു കോടതി പറഞ്ഞു.

മുതുകാടിന് കോടതിയുടെ അഭിനന്ദനം

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രമുഖ മജീഷ്യൻ നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കണമെന്നു പറഞ്ഞ കോടതി അദ്ദേഹത്തെ അഭിനന്ദിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അദ്ദേഹത്തിന്റെ ഡിഫറന്റ് ആർട് സെന്ററിൽ നൂറിലേറെ ഭിന്നശേഷിക്കാരായ കുട്ടികളുണ്ട്. ഈ കുട്ടികളുടെ മുന്നിൽ നമ്മൾ ഒന്നുമല്ലെന്ന് അവിടെ സന്ദർശിക്കുന്നവർക്ക് മനസ്സിലാകും. 

  പല ഭാഷകൾ വായിക്കാൻ കഴിയുന്ന വരുൺ രവീന്ദ്രൻ, മനോഹരമായി പാടുന്ന ശ്രീകാന്ത്, താളം പിടിക്കുന്ന കാശി എന്നീ കുട്ടികളെ കോടതി പ്രത്യേകം പരാമർശിച്ചു. ഗോപിനാഥിന്റെയും ജീവനക്കാരുടെയും ചിറകിൻകീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ജീവിതം ആസ്വദിക്കുകയാണ്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഹൈക്കോടതിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് ഗോപിനാഥനു മുതുകാടിനും സംഘത്തിനും അയയ്ക്കാൻ റജിസ്ട്രാർ ജനറലിന് കോടതി നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com