കോതമംഗലം∙ ഭൂതത്താൻകെട്ട്–ഇടമലയാർ 66 കെവി ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പി മോഷ്ടിച്ച കേസിൽ 7 പേരെ അറസ്റ്റ് ചെയ്തു. വടാട്ടുപാറ ചക്കിമേട് സ്വദേശികളായ മനയത്ത് ബിനു (44), കുന്നത്തറ മത്തായി (54), കളരിക്കുടിയിൽ സാബു (44), നമ്പിള്ളിൽ ജ്യോതികുമാർ (23), പാറയിൽ ജിബി (48), ഇടയാൽ മനോജ് (47), തങ്കളത്ത് ആക്രിക്കട നടത്തുന്ന കൈതക്കാട്ടിൽ ഷാജി (56) എന്നിവരെയാണു കുട്ടമ്പുഴ പൊലീസ് പിടികൂടിയത്.
നിർമാണം നിർത്തിവച്ച ടവർ ലൈനിലെ കമ്പികൾ കഴിഞ്ഞ ഒരു മാസത്തിനിടെ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രതികളും പിടിയിലായി. പ്രതികളെ റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എസ്.ഷൈൻ, എസ്ഐമാരായ പി.വി.ജോർജ്, ലിബു തോമസ്, അജി കുമാർ, എഎസ്ഐ പി.കെ.സുരേഷ്കുമാർ, എസ്‌സിപിഒമാരായ ടി.പി.ജോളി, ഇ.എം.നവാസ്, സിപിഒമാരായ സി.എം.സിദ്ദീഖ്, അനു രാജ്, എ.പി.ജിതേഷ്, അഭിലാഷ് ശിവൻ, വിനോയി കക്കാട്ടുകുടി, സിൽജു ജോർജ് എന്നിവരാണു കേസ് അന്വേഷിച്ചത്.