ഫോർട്ട്കൊച്ചി∙ വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനത്തിൽ എത്തിയവർ എസ്ഐയെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞു. ഫോർട്ട്കൊച്ചി എസ്ഐ എം.സന്തോഷ് മോന് സംഭവത്തിൽ പരുക്കേറ്റു. ശനി രാത്രി 11.30ന് ഫോർട്ട്കൊച്ചി മാന്ത്ര പാലത്തിന് സമീപമായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ എസ്ഐയുടെ ഇടതു കയ്യിലെ എല്ല് ഒടിഞ്ഞു. മുഖത്ത് പരുക്കേറ്റു.
എസ്ഐയുടെ നേതൃത്വത്തിൽ 10 പേർ അടങ്ങുന്ന പൊലീസ് സംഘം രാത്രി 9.30 മുതൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഫോർട്ട്കൊച്ചി പള്ളത്തു രാമൻ കേന്ദ്രത്തിനു സമീപവും മാന്ത്രയിൽ നിന്ന് എസ്.എസ്.കൃഷ്ണൻ റോഡിലേക്ക് തിരിയുന്ന ഭാഗത്തും 2 സംഘമായി തിരിഞ്ഞായിരുന്നു പരിശോധന.

പാണ്ടിക്കുടിയിൽ നിന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് യാത്രികർ പള്ളത്തു രാമൻ കേന്ദ്രത്തിനു മുന്നിലെ പരിശോധന കണ്ട് എസ്.എസ്.കൃഷ്ണൻ റോഡിലേക്ക് തിരിയുകയായിരുന്നു. പൊലീസുകാർ കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ട് എടുത്ത വാഹനം തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇവർ കടന്നു കളയുകയായിരുന്നു.
വാഹനത്തിന് പിന്നാലെ പൊലീസുകാർ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. എസ്ഐ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സ തേടി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞിട്ടുണ്ട്. വാഹനം കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ മനു വി.നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.