പെരുമ്പാവൂർ ∙ എംസി റോഡിൽ ഒക്കൽ ബസ് സ്റ്റോപ്പിൽ ശ്രീനാരായണ എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളെ കയറ്റാതെ സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി. പ്രിൻസിപ്പലിന്റെയും പിടിഎ പ്രസിഡന്റിന്റെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബസുകൾ പിടിയിലായത്.
വൈകിട്ട് 3.30ന് ശേഷം മണിക്കൂറുകളോളം കാത്തു നിന്നാണു കുട്ടികൾ വീടുകളിൽ എത്തുന്നത്. ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ 3 ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. റോഡ് സുരക്ഷയെ ബാധിക്കുന്നതും വേഗപ്പൂട്ട് ഇല്ലാത്തതുമായ ഒരു ബസിന്റെ ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കുകയും ചെയ്തു. ജോയിന്റ് ആർടിഒ പ്രകാശ് എഎംവിഐ എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.