തൃപ്പൂണിത്തുറ ∙ മിനി ബൈപാസിലെ ടോൾ പിരിവ് നിർത്തിയിട്ട് 5 വർഷം കഴിഞ്ഞെങ്കിലും ടോൾ പ്ലാസയുടെ കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചു മാറ്റിയില്ല. 4 മാസം മുൻപ് മേൽക്കൂര മാത്രം പൊളിച്ചു നീക്കിയിരുന്നു.
എന്നാൽ റോഡിന്റെ മധ്യത്തിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങൾ നീക്കം ചെയ്തില്ല. കെട്ടിട ഭാഗങ്ങൾ മാറ്റാതെ മേൽക്കൂര മാത്രം പൊളിച്ചു മാറ്റിയതിനാൽ യാതൊരു പ്രയോജനവും ഇല്ലെന്നാണ് യാത്രക്കാർ പറയുന്നത്.
ഒട്ടേറെ വാഹനങ്ങൾ നിരന്തരം പോകുന്ന തിരക്കേറിയ വഴിയാണിത്. റോഡിന്റെ ഇരുഭാഗത്തും പഴയ വേഗത്തടയും നിലനിൽക്കുന്നുണ്ട്. വേഗത്തട ഉണ്ടെന്നു കാണിക്കുന്ന അടയാളങ്ങളും ഇല്ല. ഉപയോഗശൂന്യമായ കെട്ടിടം കൂടി പൊളിച്ചു നീക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.