കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്ത്: 30 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം

Mail This Article
കൊച്ചി ∙ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തു നടത്തിയ കേസിൽ 13 കസ്റ്റംസ് ഉദ്യോഗസ്ഥർ അടക്കം 30 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എം.ജോസ്, ഇ.ഗണപതി പോറ്റി, എസ്.ആശ, സത്യമേന്ദ്ര സിങ്, ഇൻസ്പെക്ടർമാരായ കെ.യാസർ അറഫാത്ത്, നരേഷ്, സുധീർകുമാർ, വി.സി. മിനിമോൾ,
സഞ്ജീവ് കുമാർ, യോഗേഷ്, ഹെഡ് ഹവീൽദാർമാരായ സി.അശോകൻ, പി.എം.ഫ്രാൻസിസ്, സബ് സ്റ്റാഫ് കെ.മണി എന്നിവരാണു കേസിലെ മുഖ്യപ്രതികൾ. ഇവരുടെ ഒത്താശയോടെ സ്വർണം, വിദേശ കറൻസി, മദ്യക്കുപ്പികൾ, വിദേശനിർമിത ഉൽപന്നങ്ങൾ അടക്കം 70 ലക്ഷം രൂപയുടെ തൊണ്ടി മുതലാണു അന്വേഷണ സംഘം കണ്ടെത്തിയത്.
പ്രതികളായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കള്ളക്കടത്തുകാർ പരിശോധന ഒഴിവാക്കി വിമാനത്താവളത്തിനു പുറത്തു കടത്താൻ ശ്രമിച്ച ബാഗുകളാണ് അന്വേഷണ സംഘം പരിശോധിച്ചു സാധനങ്ങൾ പിടിച്ചെടുത്തത്.സിബിഐ, ഡിആർഐ ഉദ്യോഗസ്ഥർ സംയുക്തമായാണു 2021 ജനുവരി 12ന് പുലർച്ചെ 3.30നു വിമാനത്താവളത്തിൽ പരിശോധന നടത്തിയത്.
കള്ളക്കടത്തിനു കൂട്ടുനിന്നതായി കണ്ടെത്തിയ സൂപ്രണ്ടുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ കസ്റ്റംസ് സസ്പെൻഡ് ചെയ്തിരുന്നു. സിബിഐ കൊച്ചി യൂണിറ്റിലെ ഇൻസ്പെക്ടർ എൻ.ആർ.സുരേഷാണ് അന്വേഷണം നടത്തി സിബിഐ പ്രത്യേക കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്.