ADVERTISEMENT

കൊച്ചി ∙ യുവജനക്ഷേമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി സന്ദർശിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാത കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരാമർശം ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ കടന്നുകൂടിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചൂടു കുറയ്ക്കാനായിരുന്നു സന്ദർശനം. പുതുക്കലവട്ടത്തെ വസതിയിൽ അമ്മ എസ്തർ ജെറോമിനും സുഹൃത്തുക്കൾക്കൊപ്പമാണ് ചിന്തയെത്തിയത്. വിഷയത്തിൽ ചങ്ങമ്പുഴ കുടുംബത്തിൽ നിന്ന് ആദ്യം പ്രതികരിച്ചത് ലളിതയായിരുന്നു.

‘‘ഒരു വിദ്യാർഥിക്കു തെറ്റാം. സ്വാഭാവികമാണ്. തുടക്കം മുതൽ ഞാൻ ചിന്ത ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷേ, ഗൈഡ്സിനു പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം. ചിന്ത തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാൽ മറ്റെന്തു പറയാനാകും? ചിന്ത വീണ്ടും ഗവേഷണം നടത്തുകയാണെങ്കിൽ ഈ ഗൈഡിനെ വിലയിരുത്താൻ ഏൽപിക്കരുത്’’. ലളിത ചങ്ങമ്പുഴ പറഞ്ഞു. തെറ്റ് സംഭവിച്ചത് പരിശോധിക്കുമെന്നും ഗവേഷണപ്രബന്ധം പുസ്തകമാക്കുമ്പോൾ തിരുത്തുവരുത്തുമെന്നും ചിന്ത പറഞ്ഞു. തന്റെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ തീർച്ചയായും വരണമെന്ന് കൂടി അഭ്യർഥിച്ചാണ് ചിന്ത മടങ്ങിയത്.

ഗൈഡിനോട് വിശദീകരണം തേടി

തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ഡോ.ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം തയാറാക്കുന്നതിനു ഗൈഡ് ആയി പ്രവർത്തിച്ച കേരള സർവകലാശാലാ മുൻ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാറിനോടു സർവകലാശാല വിശദീകരണം തേടി. ഗൈഡിന്റെ വിശദീകരണം, ഓപ്പൺ ഡിഫൻസിന്റെ വിശദാംശങ്ങൾ, മൂല്യനിർണയം സംബന്ധിച്ച കാര്യങ്ങൾ എന്നിവ വേണമെന്നു വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ റജിസ്ട്രാറോട് നിർദേശിച്ചിട്ടുണ്ട്. ഗവർണർക്കു മറുപടി നൽകുന്നതിനു വേണ്ടിയാണിത്. പ്രബന്ധം പിൻവലിക്കണമെന്നും ഗൈഡിനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഗവർണർ വിശദീകരണം തേടിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com